കാഞ്ഞങ്ങാട്: മടിക്കൈ കൃഷിഭവൻ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മൂല്യവർദ്ധിത യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.പി.ലീല അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി.പവിത്രൻ, കൃഷി അസിസ്റ്റന്റുമാരായ പി.വി.നിഷാന്ത് , സജിത മണിയറ, ആത്മ ബി.ടി.എം ശ്രുതി , പി.ശ്രുതി , വാർഡ് സമിതി കൺവീനർ കെ.എം.ഷാജി എന്നിവർ സംസാരിച്ചു. പി.സുബൈദ സ്വാഗതം പറഞ്ഞു. പ്രാദേശികമായി ലഭ്യമാകുന്ന നേന്ത്രവാഴക്കുല ഉപയോഗിച്ച് വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ചിപ്സ് ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. രണ്ടാംഘട്ടമായി 30 സെന്റ് സ്ഥലത്ത് കൃഷി ഭവന്റെ സഹായത്തോട് കൂടി വാഴകൃഷി ചെയ്യാനും സംരംഭകർ തീരുമാനിച്ചു.