അങ്കോല(കർണാടക): നാലു ദിവസം മുമ്പ് മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിലായ ലോറി ഡ്രൈവർ അർജുന്റെ ജീവനായി പ്രാർത്ഥനയോടെ കേരളം. ഗോവ- മംഗളൂരു ദേശീയ പാതയിൽ ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂർ മലഞ്ചെരുവിലാണ് കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (30) ലോറിയടക്കം കാണാതായത്.
ഗംഗാവലി പുഴയുടെ തീരത്തായതിനാൽ വെള്ളത്തിനടിയിൽ ലോറിയുണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും മണ്ണുനീക്കൽ വേഗത്തിലാക്കിയെന്നും അധികൃതർ അറിയിച്ചു. അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി.
കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായാണ് അർജുൻ ഈ മാസം എട്ടിന് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.കഴിഞ്ഞ ദിവസം ജി.പി.എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് നാട്ടിൽ അറിഞ്ഞത്.
നാവികസേനയുടെ ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാൻ നീക്കം നടക്കുകയാണ്. മണ്ണിനടിയിലായതാണോ, ഗംഗാവലി പുഴയിലേക്ക് വീണ് കുത്തൊഴുക്കിൽ പെട്ടതാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇന്നലത്തെ രക്ഷാപ്രവർത്തനം ഇന്നലെ രാത്രി എട്ടിന് അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറിന് പുനരാരംഭിക്കും. ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്‌സ് വിഭാഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. കേരള മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സ്ഥലത്തെ ജില്ലാ കളക്‌ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കേരളം ഇടപെട്ടപ്പോൾ
രക്ഷാപ്രവർത്തനം
1.അർജുനുവേണ്ടി കേരള സർക്കാരും കോൺഗ്രസ് നേതൃത്വവും ഇടപെട്ടതോടെ മൂന്നാം നാളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ദേശീയ പാതയിലെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിലായിരുന്നു കർണാടകയുടെ ശ്രദ്ധ. ജനവാസം കുറഞ്ഞ മലയോര മേഖലയാണിത്
2.ലോറിക്കാർ ചായ കുടിക്കുന്ന കടയിരുന്ന ഭാഗത്താണ് അപകടം. ഉടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മുതദേഹങ്ങൾ വ്യാഴാഴ്ചയാണ് പുഴയിൽ കണ്ടത്. മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാവിന്റെ മൃതദേഹവും ഇന്നലെ കിട്ടി. മറ്റ് രണ്ടു മൃതദേഹങ്ങൾ ടാങ്കർ ലോറി ഡ്രൈവർമാരും തമിഴ്നാട് സ്വദേശികളായ മുരുകൻ (45), ചിന്ന (55) എന്നിവരുടേതാണ്.