uni

ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് സർച്ച് കമ്മറ്റി രൂപീകരണം

കണ്ണൂർ: സെർച്ച് കമ്മറ്റി അജണ്ടയെ ചൊല്ലി സർവ്വകലാശാലാ സെനറ്റ് യോഗത്തിൽ രൂക്ഷമായ വാഗ്വാദം. സെർച്ച് കമ്മറ്റി അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജണ്ടയ്‌ക്കെതിരേ ഇടത് അംഗങ്ങൾ പ്രമേയം കൊണ്ടുവന്നതാണ് ബഹളത്തിനിടയാക്കിയത്. സെർച്ച് കമ്മറ്റി വേണമെന്ന് യു.ഡി.എഫ് ,ബി.ജെ.പി. അനുകൂല അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അജണ്ട വോട്ടിനിട്ട് തള്ളി. 48 ഇടത് അംഗങ്ങൾ അജണ്ടയെ എതിർത്തപ്പോൾ 25 പേർ അനുകൂലിച്ചു. ഒരാൾ വിട്ടു നിന്നു. ഇതോടെ സെർച്ച് കമ്മറ്റി രൂപീകരണം ശബ്ദവോട്ടിംഗിൽ പരാജയപ്പെടുകയായിരുന്നു.

ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് സർച്ച് കമ്മറ്റി രൂപീകരിക്കുന്നത് അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇടത് അംഗങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സെർച്ച് കമ്മറ്റി അജണ്ട പാസാക്കാതെ മറ്റ് അജണ്ടകളിൽ തീരുമാനമെടുത്ത് ഇന്നലെ രാവിലെ ചേർന്ന സെനറ്റ് യോഗം പിരിയുകയായിരുന്നു. സെർച്ച് കമ്മറ്റി അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജണ്ടയിലേക്ക് വി.സി കടന്ന ഉടൻ തന്നെ എൻ.ഡി.എ. അംഗവും യു.ഡി.എഫ്. അംഗവും തങ്ങളുടെ നാമനിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇടത് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം വച്ചതിനെ തുടർന്നാണ് തുടർനടപടികൾ സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ വൈസ് ചാൻസലർ തീരുമാനിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായയത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയാണ് സെർച്ച് കമ്മറ്റി രൂപീകരണത്തിനെതിരേയുള്ള പ്രമേയം അവതരിപ്പിച്ചത്. അജണ്ട തള്ളണമെന്ന് പി.പി.ദിവ്യയും ഭരണപക്ഷ എം.എൽ.എമാരായ ടി.ഐ.മധുസൂദനനും സി.എച്ച്.കുഞ്ഞമ്പുവും ആവശ്യപ്പെട്ടു. കോടതിയിലുള്ള കേസ് ചൂണ്ടിക്കാട്ടിയാണ് ഇടത് അംഗങ്ങൾ നടപടിയെ എതിർത്തത്.

വിദ്യാർത്ഥി പ്രതിനിധിയായി വൈഷ്ണവ്

സർവ്വകലാശാലാ സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രനെ യോഗം തിരഞ്ഞെടുത്തു. കെ. എസ്.യുവിലെ അഷിത് അശോകനെയാണ് പരാജയപ്പെടുത്തിയത്. വൈഷ്ണവിന് നാൽപത്തിയാറും അഷിതിന് പതിനാറും വോട്ടുകൾ ലഭിച്ചു. ബി്.ജെ.പി. അനുകൂലികൾ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ഫിനാൻസ് കമ്മറ്റി പ്രതിനിധിയായി പി.ജെ.സാജുവിനെയും തിരഞ്ഞെടുത്തു. ഗവർണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് യൂണിവേഴ്സിറ്റി പരിസരത്തും യോഗസ്ഥലത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.