jail
പകുതി പൂർത്തീകരിച്ച കെട്ടിടങ്ങൾ

പരിയാരം: അനുവദിച്ച പണം തീർന്നതിനെ തുടർന്ന് ഹൈടെക് ജില്ലാ ജയിലിന്റെ നിർമ്മാണം മുടങ്ങി. പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ കാഞ്ഞിരങ്ങാട്ട് നിർമ്മിക്കുന്ന ജയിലിനായി ഇതേവരെ 11.03 കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി ചെലവഴിച്ചത്. ചുറ്റുമതിലും കെട്ടിടങ്ങളുടെ ഒന്നാംനിലകളും മാത്രമാണ് ഇതേവരെ പൂർത്തീകരിച്ചത്.

2020 ഫെബ്രുവരി 20 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയിലിന് തറക്കല്ലിട്ടത്. 8.48 ഏക്കർ സ്ഥലത്ത് 18.5 കോടി രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങളോടുകൂടിയ ജില്ലാ ജയിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. രണ്ട് നിലകളിൽ അഞ്ചു ബ്ലോക്കുകളായി നിർമ്മിക്കുന്ന ജയിലിൽ 500 പേരെ പാർപ്പിക്കാൻ സൗകര്യമുണ്ടാവും. ഡിജിറ്റൽ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ജയിൽ. ആദ്യഘട്ട പ്രവൃത്തികൾക്കായി 7.75 കോടി രൂപയും രണ്ടാം ഘട്ടത്തിന് 3.28 കോടിയും അനുവദിച്ചത് ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. മതിലിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ എസ്റ്റിമേറ്റ് പുതുക്കിയാൽ മാത്രമേ അടുത്ത നിർമ്മാണം ആരംഭിക്കാനാവൂ എന്ന കരാറുകാരന്റെ നിർദ്ദേശമനുസരിച്ച് എസ്റ്റിമേറ്റ് പുതുക്കാൻ അപേക്ഷ നൽകിയതായി പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം അസി.എക്സിക്യുട്ടീവ് എൻജിനീയർ സവിത പറഞ്ഞു.

15 കോടി ഇനിയും

വേണ്ടി വരും

18.5 കോടി ഉദ്ദേശിച്ച ജയിലിന്റെ പണി പൂർത്തീകരിക്കാൻ ഇനിയും 15 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. 2023 ൽ പണി പൂർത്തീകരിക്കാനുദ്ദേശിച്ച ജയിലിന്റെ പണി പൂർത്തീകരിക്കാൻ ഇനിയും 2 വർഷം കൂടി വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം പറയുന്നത്. പണി നിർത്തിവച്ചതോടെ പ്രദേശം കാടുമൂടിക്കിടക്കുകയാണ്.

10 പൊലീസ് സ്റ്റേഷനുകളിലെ

പ്രതികൾക്കുവേണ്ടി

പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാൻമല, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പയ്യാവൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പാർപ്പിക്കാനാണ് പരിയാരം പഞ്ചായത്തിൽ ജില്ലാ ജയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചത്.