gartham

കിണർവട്ടത്തിൽ രൂപപ്പെട്ട വിള്ളലിന് ഇപ്പോൾ സാധാരണ കുളത്തിന്റെ വ്യാപ്തി

ഇരിട്ടി: പടിയൂർ പഞ്ചായത്തിലെ പത്യാലയിൽ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗർത്തത്തിന് വ്യാപ്തി ഏറുന്നു. വ്യാഴാഴ്ച ഒരു കിണർ വിസ്താരത്തിൽ രൂപപ്പെട്ട ഗർത്തം വെള്ളിയാഴ്ച രാവിലെയോടെ ഒരു സാധാരണ കുളത്തിന്റെ വിസ്താരത്തിലേക്ക് മാറി. ഇതോടെ സമീപവാസിയായ കുഞ്ഞിരാമനും കുടുംബവും ഭീതിയിലായി.
കല്യാട് സ്വദേശി കരുവൻ വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള റബ്ബർതോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ 8 മണിയോടെ ഒരു കിണർ രൂപത്തിൽ ഭൂമി താഴ്ന്നത്. ഇതിൽ വെള്ളം നിറയുകയും ചെയ്തു. ഇവിടെ ഉണ്ടായിരുന്ന ഒരു റബ്ബർ മരവും ഈ കുഴിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഈസമയം വലിയ ശബ്ദം കേട്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞു. ശബ്ദംകേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ തിരമാല അടിക്കുന്നത്‌പോലെ തോന്നിയതായും ഒരു റബർ മരം വീഴുന്നതായും കണ്ടു. അടുത്തുചെന്നുനോക്കിയപ്പോൾ നാല് മീറ്ററോളം താഴ്ചയിലുള്ള ഒരു വലിയ കുഴിയാണ് കണ്ടത്. ക്രമേണ ഇതിൽ മുക്കാൽ ഭാഗത്തോളം വെള്ളം നിറഞ്ഞതായും ഇവർ പറഞ്ഞു. തുടർന്ന് രാത്രിയിലും വലിയ ശബ്ദംകേട്ടതോടെ ഭയന്ന് ഇവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് ഇവർ മാറിത്താമസിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയോടെ ഗർത്തത്തിന് ആഴവും വ്യാപ്തിയും കൂടുകയും നാലോളം റബ്ബർ മരങ്ങൾ ഇതിൽ ഇടിഞ്ഞു താഴുകയും ചെയ്തു.മേഖലയിലെ പ്രദേശങ്ങളിൽ കുത്തി ഒഴുകുന്ന ഉറവകളും രൂപപ്പെട്ടിട്ടുണ്ട്.ഇതോടെ പ്രദേശ വാസികളും ഭീതിയിലാണ്. പടിയൂർ വില്ലേജ് അധികാരികളും പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ധീനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജിയോളജി വിഭാഗത്തിനും വിവരം കൈമാറിയിട്ടുണ്ട്.