sooraj

ബി.എഫ്.ഐ വൈസ് ചെയർമാനായ ഡോ.സൂരജ് നിരീക്ഷകൻ

കണ്ണൂർ: പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷ പുലർത്തുന്ന ഇന്ത്യൻ ബോക്സിംഗ് സംഘത്തിൽ നിരീക്ഷകനായ കണ്ണൂർ സ്വദേശിയും. അഴീക്കോട്് സ്വദേശിയും ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാനുമായ ഡോ.എൻ.കെ.സൂരജാണ് ഒളിമ്പിക് വില്ലേജിൽ എത്തുന്നത്.
പ്രമുഖ പ്രവാസി വ്യവസായിയും മികച്ച സംഘാടകനും ലോക കേരളസഭാംഗവുമായ ഡോ.എൻ.കെ.സൂരജ് സംസ്ഥാന അമേച്വർ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റു കൂടിയാണ്. കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ നോമിനി , അഴീക്കോട് ദയ അക്കാഡമി, ദയ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.
2019ൽ കണ്ണൂരിൽ നടത്തിയ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെയും അഴീക്കോട് നടത്തിയ സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെയും സംഘാടനമികവും ബി.എഫ്‌.ഐ ഡവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാൻ എന്ന നിലയിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഇദ്ദേഹത്തെ ഒളിമ്പിക്സ് ടീമിന്റെ നിരീക്ഷകനായി നിയോഗിച്ചിട്ടുള്ളത്.

പാരീസിലേക്ക് തിരിക്കുന്ന സൂരജിന് ഇന്ന് സംസ്ഥാന, ജില്ലാ ബോക്സിംഗ് അസോസിയേഷനുകളും ദയ അക്കാഡമിയും ചേർന്ന് യാത്രയയപ്പ് നൽകും. 26നാണ് സംഘം പാരീസിലേക്ക് തിരിക്കുന്നത്.ബി.എഫ്‌.ഐ പ്രസിഡന്റും സ്‌പൈസ് ജെറ്റ് ഉടമയുമായ അജയ് സിംഗ് നയിക്കുന്ന ഇന്ത്യൻ ടീമിൽ ആറ് ബോക്സിംഗ് താരങ്ങളാണ് ഒളിമ്പിക്സിലെ ഗോദയിൽ ഇറങ്ങുന്നത്.

ചുമതലകൾ ഏറെ

ബോക്സിംഗ് മത്സരങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കൽ, അന്താരാഷ്ട്ര ബോക്സിംഗ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഇന്ത്യൻ ബോക്സർമാരുടെ പ്രകടനവും തയ്യാറെടുപ്പും മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകൽ എന്നിവയൊക്കെയാണ് നിരീക്ഷകന്റെ ചുമതലകൾ.

ഒളിമ്പിക്സിനുള്ള ബി.എഫ്‌.ഐ നിരീക്ഷകനായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഒളിമ്പിക്സ് വില്ലേജും അന്തർദ്ദേശീയ ബോക്സിംഗ് നിലവാരവും കണ്ടുമനസ്സിലാക്കാനും രാജ്യത്ത് പ്രയോജനപ്പെടുത്താനും ഇത് സഹായകമാകും .ബോക്സിംഗ് ഇനത്തിൽ ഇപ്രാവശ്യവും ടീം ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ട്- ഡോ. എൻ.കെ.സൂരജ്