kanayi

രണ്ട് വീടുകൾ കൂടി തകർന്നു,

പയ്യന്നൂർ: മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും കണ്ണൂർ ജില്ലയിൽ കാലവർഷക്കെടുതി തുടരുന്നു. പയ്യന്നൂർ കാനായി വള്ളിക്കെട്ടിലെ സി.വി.രാജേന്ദ്രന്റെ വീടിന്റെ അടുക്കള ഭാഗം മരം വീണ് തകർന്നു. ഭാര്യയും രണ്ട് മക്കളും വീടിനകത്തുണ്ടായിരുന്നുവെങ്കിലും അപകടമെന്നുമില്ലാതെ രക്ഷപ്പെട്ടു. കോറോം കൂർക്കരയിലെ കെ.പി. ഉദയകുമാറിന്റെ വീട് മരങ്ങൾ കടപുഴകി വീണ് പൂർണ്ണമായും തകർന്നു. ഇന്നലെ രാവിലെ 9 മണിക്കായിരുന്നു അപകടം.

ലോട്ടറി തൊഴിലാളിയായ ഉദയകുമാർ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്. ഭാര്യയും രണ്ട് കുട്ടികളും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.കോറോം അങ്കണവാടിയുടെ ചുറ്റുമതിലും തകർന്നു.

രാമന്തളി വടക്കുമ്പാട് പള്ളിക്കാത്തോട്ടിലെ കലശക്കാരത്തി സരസ്വതിയുടെ വീട് കനത്ത മഴയിലും കാറ്റിലും തകർന്ന് വീണു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. വീട്ടുകാർ ബന്ധുവീട്ടിലായതിനാൽ ആളപായം ഒഴിവായി.

കാനായി മീൻകുഴി അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകിയതിനെ തുടർന്ന് മണിയറ, തോട്ടം കടവ്, മുക്കൂട്, പരവന്തട്ട കാപ്പാട് പ്രദേശങ്ങളിലെ 70 ഓളം വീടുകളിൽ വെള്ളം കയറി. വീടുകളിലെ കന്നുകാലികളടക്കമുള്ള വളർത്തു മൃഗങ്ങളെ ഉയർന്ന പ്രദേശത്തേക്ക് മാറ്റി.

നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, കൗൺസിലർ ടി. ചന്ദ്രമതി, സെക്രട്ടറി എം.കെ. ഗിരീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ശ്യാം കൃഷ്ണൻ, എൻ.വി.രാജൻ , എം. കരുണാകരൻ, എൻ.കെ.രമേശൻ, എം. അമ്പു, റവന്യു വിഭാഗം ജീവനക്കാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മഴക്കെടുതിയുമായി പ്രയാസമനുഭവിക്കുന്നവർക്ക് അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനായി നഗരസഭ കൺട്രോൾ റും പ്രവർത്തനമാരംഭിച്ചു. .