കേളകം: മലയോരത്ത് മഴ ശക്തമായി തുടരുന്നതിനാൽ കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടി മേഖലയിൽ ഭൂമിയിൽ കൂടുതൽ വിള്ളലുകൾ രൂപപ്പെട്ടു. മെയിൻ റോഡിലും വ്യക്തികളുടെ പറമ്പുകളിലുമാണ് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്.ഇന്നലെ കൈലാസംപടിയിലെ ടാറിംഗ് റോഡിൽ വലിയതോതിൽ വിള്ളലുകൾ കാണപ്പെട്ടു. ഭൂമി രണ്ടായി പിളർന്ന ഭാഗങ്ങളിലൂടെ വലിയ തോതിൽ മഴവെള്ളം ഒഴുകിയിറങ്ങുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഇതേത്തുടർന്ന് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് വെള്ളം തിരിച്ചു വിടുകയായിരുന്നു. എട്ട് വീട്ടുകാരാണ് നിലവിൽ ദുരിതബാധിത മേഖലയിൽ ഉള്ളത്. ഇവരെ അടിയന്തിരമായി മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
മുമ്പും മഴക്കാലത്ത് കൈലാസംപടിയിൽ ഭൂമിയിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. മണ്ണിനടിയിലെ മണ്ണൊലിപ്പായ
സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമെന്നായിരുന്നു അന്ന് വിദഗ്ധ സംഘം പറഞ്ഞിരുന്നത്.