മട്ടന്നൂർ:മഴക്കെടുതിയിൽ തകർന്ന മണ്ണൂർ നായിക്കാലി റോഡിന് അടിയന്തിര പരിഹാരം വേണമെന്നാശ്യപ്പെട്ട് എൽ.ഡി.എഫ് 22ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ മട്ടന്നൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ബദൽ റോഡിന് സ്ഥലമേറ്റെടുത്ത് അതിവേഗം നിർമാണം പൂർത്തിയാക്കുക,കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം നടത്തുക, കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ച് നടത്തുന്ന സമരം മരുതായി റോഡിൽ രാവിലെ 10ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം പി.പുരുഷോത്തമൻ കൂട്ടായ്മ ഉദ്ഘാടനംചെയ്യും. സമാപനം വൈകിട്ട് നാലിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ പി.പുരുഷോത്തമൻ, എം.രതീഷ്, കെ.ഭാസ്‌കരൻ, എം.വിനോദ്, നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, കെ.പി.രമേശൻ, കെ.പി.അനിൽകുമാർ, സന്തോഷ് മാവില, കെ.വി. ശ്രീജേഷ് എന്നിവർ പങ്കെടുത്തു.