ഒരാൾക്ക് ഗുരുതരം
കൂത്തുപറമ്പ്: വട്ടിപ്രത്ത് ക്വാറി ഇടിഞ്ഞുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ക്വാറിക്ക് സമീപത്തെ മാവുളള കണ്ടി ബാബുവിന്റെയും പ്രസീദിന്റെയും വീടുകളാണ് തകർന്നത്. ഗുരുതരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലീലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്ത് കുടുംബങ്ങളെ വട്ടിപ്രം യു.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം.
വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികളിടിഞ്ഞ് പാറക്കഷ്ണങ്ങൾ വീടുകൾക്ക് മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീടുകൾക്ക് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കുമുൾപ്പെടെയുള്ള വാഹനങ്ങളും തകർന്നു.
നാല് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്വാറിയിൽ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞപ്പോൾ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണമെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. അഗ്നിശമനസേനയും പൊലീസും സംഭവ സ്ഥലത്ത് ദുരന്തനിവാരണ പ്രവർത്തനം നടത്തി.
ദുരന്തത്തെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. കർണാടക വനമേഖലയിൽ മഴ കനത്തതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലെ താഴ്വാര പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
ഭീഷണി ഉയർത്തി നിരവധി ക്വാറികൾ
ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ പ്രദേശവാസികൾ നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള നിരവധി ചെങ്കൽ, കരിങ്കൽ ക്വാറികളാണ് പാനൂർ, കൂത്തുപറമ്പ് മേഖലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്കിൽ അയ്യങ്കുന്നിലും ക്വാറിക്ക് സമീപം ഉരുൾപൊട്ടി വൻ നാശനഷ്ടമുണ്ടായിരുന്നു. കനത്തമഴ തുടരുമ്പോഴും ജില്ലയിൽ അപകടകരമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ കളക്ടർ തയ്യാറാവാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.