നീലേശ്വരം: നീലേശ്വരം- ഇടത്തോട് റോഡിൽ മെക്കാഡം ടാറിംഗ് ചെയ്ത ഭാഗവും അറ്റകുറ്റപ്പണി ചെയ്ത ഭാഗവും പൊട്ടിപൊളിഞ്ഞു. കഴിഞ്ഞ വർഷമാണ് താലൂക്ക് ആശുപത്രി മുതൽ പാലായി റോഡ് വളവ് വരെ റോഡ് മെക്കാഡം ടാറിംഗ് ചെയ്തത്. ഇതിൽ താലൂക്ക് ആശുപത്രി റോഡിൽ പേരോൽ വില്ലേജ് ഓഫീസിന് മുന്നിലാണ് റോഡിൽ വിള്ളൽ വീണിട്ടുള്ളത്. അതുപോലെ പൂവാലം കൈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള റോഡിലും വിള്ളൽ വീണിട്ടുണ്ട്.
പൂവാലം കൈ ബീവറേജസ് ഔട്ട് ലെറ്റിന് സമീപത്തെ കുന്നിൽ മുകളിൽ നിന്ന് ഉറവ പൊട്ടി വരുന്ന വെള്ളം റോഡിലേക്ക് ഒലിച്ച് വരുന്നതിനാൽ മഴവെള്ളത്തിൽ കല്ലുകളും മറ്റും റോഡിലേക്ക് ഒലിച്ച് വരികയാണ്. ഇത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. റോഡ് മെക്കാഡം ടാറിംഗ് ചെയ്യുമ്പോൾ തന്നെ ഓവുചാൽ പണിയാത്തതാണ് വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത്.
നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ 2018ലാണ് ടെണ്ടർ ക്ഷണിച്ചത്. ഇതിൽ പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെ ഇത്രയും വർഷമായിട്ടും മെക്കാഡം ടാറിംഗ് ചെയ്തിട്ടില്ല. ഈ ഭാഗങ്ങളിൽ റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമാണ്. റോഡിന്റെ ശോച്യാവസ്ഥ കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നീണ്ട മുറവിളിക്ക് ശേഷം പാലായി റോഡ് മുതൽ പാലാത്തടം വളവ് വരെ റോഡ് അറ്റകുറ്റപണി ചെയ്യാൻ 26 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ റോഡ് ഭാഗികമായി അറ്റകുറ്റപണി ചെയ്‌തെങ്കിലും മിക്കയിടങ്ങളിലും പൊട്ടിപൊളിഞ്ഞ് കുഴി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഇവിടങ്ങളിൽ റോഡില്ലാതായി
പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിന്റെ മുൻഭാഗം, പാലായി റോഡ് പരിസരം, അങ്കക്കളരി റോഡ് എന്നിവിടങ്ങളിലാണ് ഇപ്പോൾ റോഡ് പൊട്ടിപൊളിഞ്ഞിരിക്കുന്നത്. കൂടാതെ കോൺവെന്റ് റോഡ് വളവ്, റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, സെന്റ് പീറ്റേഴ്സ് സ്‌ക്കൂളിന് മുന്നിലും റോഡ് പൊട്ടിപൊളിഞ്ഞു. ഇനിയും മഴ കനത്താൽ മിക്കയിടങ്ങളിലും റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര സാദ്ധ്യമാകാതെയാകും.