തലശ്ശേരി: യുവ തലമുറയെ ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട മത്സര പരീക്ഷകൾക്കും തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സീക്ക് കരിയർ അക്കാഡമി കതിരൂരിൽ പ്രവർത്തനം ആരംഭിച്ചു. കേരള യുവജന ക്ഷേമ ബോർഡ് അംഗം വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളായ സദാനന്ദൻ, സി.വി. സന്തോഷ്, യുവധാര കൺവീനർ മുഹമ്മദ് ഫാസിൽ, കതിരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുധീഷ് നെയ്യൻ സംസാരിച്ചു. കേരള പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഇന്ത്യൻ റെയിൽവേ, കര, നാവിക, വ്യോമ പ്രതിരോധ സേന തുടങ്ങിയവർ നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള എഴുത്തുപരീക്ഷ പരിശീലനവും കായിക ക്ഷമതാപരിശീലനവും ഇനി മുതൽ കതിരൂർ സീക്ക് അക്കാഡമിയിലൂടെ യുവതീയുവാക്കൾക്ക് ലഭിക്കും.