മട്ടന്നൂർ: നെല്ലൂന്നിയിലുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട മട്ടന്നൂർ പരിയാരത്തെ ദാറുൽ ഖൈറിൽ കുന്നുമ്മൽ ഹൗസിൽ നവാസ്, മകൻ മുഹമ്മദ് യാസീൻ എന്നിവർക്ക് നാട് കണ്ണിരോടെ വിട നൽകി. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഉരുവച്ചാലിലെ ഭാര്യാവീട്ടിൽ പോയി തിരിച്ചു വരികെയാണ് നവാസും കുടുംബവും സഞ്ചരിച്ച കാറും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ നവാസും കുടുംബവും സഞ്ചരിച്ച കാർ പൂർണ്ണമായി തകർന്നു. വാഹനത്തിലുണ്ടായിരുന്ന ഭാര്യ ഹസീറ, മറ്റു മക്കളായ റിഷാൻ (13), ഫാത്തിമ (12) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു കുടുംബം ഉരുവച്ചാലിലെ വീട്ടിൽ പോയത്. ഇന്നലെ രാവിലെ മദ്റസയിൽ പോകേണ്ടതു കൊണ്ടാണ് രാത്രി നേരം വൈകിയിട്ടും പരിയാരത്തെ സ്വന്തം വീട്ടിലേക്ക് തിരികെ വന്നത്.
പഠനത്തിൽ മിടുക്കനായ യാസീൻ പരിയാരം ഇൽഫത്തുൽ ഇസ്ലാം മദ്റസയിലെ മൂന്നാം തരം വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലുമണിയോടെ പഴശ്ശിയിലെ വീട്ടിലും തുടർന്ന് പരിയാരത്തെ വീട്ടിലുമെത്തിച്ചു. പരിയാരം മദ്റസയിൽ പൊതുദർശനത്തിന് വെച്ച പിതാവിനെയും മകനെയും അവസാനമായി ഒരു നോക്ക് കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പരിയാരത്തെത്തി.
സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കരീം ചേലേരി, പി. പുരുഷോത്തമൻ, അൻസാരി തില്ലങ്കേരി, ടി.എച്ച് ഷൗഖത്തലി മൗലവി, സുരേഷ് മാവില, വി.കെ സുരേഷ് ബാബു, ഇ.പി ശംസുദ്ദീൻ, എം. അഷ്റഫ്, റഫീഖ് ദാരിമി, എൻ.സി സുമോദ്, റഫീഖ് കീച്ചേരി തുടങ്ങിയവർ സംബന്ധിച്ചു. ഇരുവരുടെയും മൃതദേഹം പരിയാരം ഖബർസ്ഥാനിൽ ഖബറടക്കി.