കണ്ണൂർ: വാഴ മുതൽ കെട്ടിടം വരെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ജില്ലയിൽ വീണ്ടും വർദ്ധിച്ചു. ജില്ലയിൽ കണ്ണൂർ ടൗൺ, ചിറക്കൽ, വളപട്ടണം, പയ്യാമ്പലം, മയ്യിൽ, കണ്ണപുരം, ചെറുകുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതൽ. പൂർണമായ ഉന്മൂലനം സാദ്ധ്യമല്ലെങ്കിലും പ്രതിരോധ മാർഗങ്ങൾ വഴി ഒരു പരിധി വരെ ഇവയെ നിയന്ത്രണത്തിലാക്കാൻ കഴിയും. ഒച്ചുകളുടെ ശരീരത്തിൽ ഉപ്പ് വീഴ്ത്തുന്നതാണ് ഇതിൽ പ്രധാനമായി എല്ലാവരും സ്വീകരിക്കുന്നത്. ഉപ്പ് വീഴ്ത്തുമ്പോൾ ഓസ്‌മോസിസ് വഴിയായി ശരീരത്തിലെ ജലാംശം പുറത്തേക്ക് നഷ്ടപ്പെടുകയും നിർജലീകരണത്താൽ അവ ചാവുകയും ചെയ്യുന്നു. കൂട്ടമായി പിടിക്കുന്ന ഒച്ചുകളെ 10 മുതൽ 20 ശതമാനം വരെ ഉപ്പുവെള്ളത്തിലിട്ടു (200 ഗ്രാം ഉപ്പ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) നശിപ്പിക്കാം. ഒച്ചുകളുടെ മേൽ ഉപ്പ് വിതറുന്നതും ഫലപ്രദമാണ്. എന്നാൽ ഉയരത്തിലുള്ള സ്ഥലങ്ങളിലും ജലസ്രോതസ്സിന്റെ അടുത്തുമെല്ലാം കാണപ്പെടുന്ന ഒച്ചുകളെ തുരത്താൻ ഉപ്പ് ഉപയോഗിച്ച് പ്രയാസമാണെന്നാണ് പറയുന്നത്. ഉപ്പിട്ട് കൊല്ലുമ്പോൾ ദുർഗന്ധമുണ്ടാകാനും സാദ്ധ്യതയുണ്ട്.
അഞ്ച് ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ പുകയിലക്കഷായം 300 ഗ്രാം തുരിശ് എന്നിവ യോജിപ്പിച്ച് തെളിക്കുന്നത് ഒച്ചുകളെ നശിപ്പിക്കാൻ സഹായിക്കും. ഇവ ഉയരത്തിൽ സ്‌പ്രേ ചെയ്യുന്നത് കാർഷിക വിളകളിൽ ഒളിച്ചിരിക്കുന്ന ഒച്ചുകളെ പുറത്തുചാടിക്കും. കുമ്മായം, തുരിശ് എന്നിവ പറമ്പുകളുടെ ചുറ്റുമുള്ള വരമ്പുകളിൽ ഇട്ടു കൊടുക്കുന്നത് ഇവ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കാതിരിക്കാൻ സഹായിക്കും.
ഒച്ചുകളെ കെണിയൊരുക്കി ഒരു സ്ഥലത്തേക്ക് ആകർഷിച്ച് കൂട്ടമായി കൊല്ലുന്നതാണ് എളുപ്പം. അതിനായി ഒരു കുഴിയിൽ കാബേജ്, പപ്പായ എന്നിവ ഇട്ടുവയ്ക്കുകയാണ് രീതി. ഒരുദിവസം കഴിയുമ്പോഴേക്കും ഇവയുടെ മണം മൂലം ഒച്ചുകൾ കൂട്ടമായി എത്തും. തുടർന്ന് ഉപ്പിട്ടോ, തുരിശ് ലായനി തെളിച്ചോ ഇവയെ നശിപ്പിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒച്ചുകൾ മണ്ണിനടിയിൽ പോകാനും മുട്ടയിട്ട് ഒരുവർഷം മണ്ണിൽ ഒളിച്ചിരിക്കാനും അനുവദിക്കാതിരിക്കുക. ഒച്ച് പെരുകിയ സ്ഥലത്തുനിന്നു മഴക്കാലത്ത് മരങ്ങൾ, മരപ്പൊടി എന്നിവ മറ്റിടങ്ങളിലേക്കു കയറ്റിക്കൊണ്ടുപോകുന്നതും നിയന്ത്രിക്കുക. ഇവയെ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് ഉറപ്പാക്കുക. ഒറ്റത്തവണ നിയന്ത്രണം കൊണ്ട് മാത്രം ഒച്ചുകളുടെ ആക്രമണം മാറുകയില്ല. വർഷം തോറും പുതുമഴ തുടങ്ങുന്നതിനു മുൻപു വീണ്ടും തുടർച്ചയായി പ്രതിരോധ നടപടി സ്വീകരിക്കേണ്ടതായുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുന്ന വിര, ആഫ്രിക്കൻ ഒച്ചിന്റെ ശരീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ ജനങ്ങളിൽ നേരത്തേതിലും കൂടുതൽ ആശങ്ക ഇക്കാര്യത്തിൽ ഉണ്ടാക്കുന്നുണ്ട്.