പാട്യം, മൊകേരി പഞ്ചായത്തിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു
പാനൂർ :പാട്യം -മൊകേരിപഞ്ചായത്തുകൾക്ക് അതിർത്തിയിട്ടൊഴുകുന്ന പാത്തിപ്പുഴയുടെ ഒഴുക്ക് പഴയപടിയായതോടെ ഏറെക്കാലമായി നേരിട്ട വെള്ളപ്പൊക്കഭീഷണി ഒഴിഞ്ഞു. മഴ ശക്തമായാൽ ഇരു പഞ്ചായത്തിലെയും പുഴയും തോടും കര കവിഞ്ഞൊഴുകി കാർഷികവിളകൾ വ്യാപകമായി നശിക്കുന്ന അവസ്ഥ കനത്ത മഴയിലും ഇക്കുറിയുണ്ടായില്ല.
കരയിടിച്ചൽ മൂലം തോടുകൾ പലയിടങ്ങളിലും നികന്ന് കിടന്നതിനും കൃഷിനാശത്തിനും പരിഹാരമായി അന്നത്തെ കൃഷി മന്ത്രിയായിരുന്ന .
കെ.പി മോഹനൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പ്രദേശത്തെ പലതോടുകളുടെയും ഇരുഭാഗവും കരിങ്കല്ലു കെട്ടി വൃത്തിയാക്കി ഒഴുക്ക് പുനസ്ഥാപിച്ചായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. രണ്ട് വർഷം മുമ്പാണ് റൂം ഫോർ റിവർ പദ്ധതി ആവിഷ്കരിച്ചത്. കണ്ണവം കോളനിയിൽ നിന്നും ചെറുചാലുകളായി ഒഴുകി ചെറുവാഞ്ചേരിയിലെത്തി ചെറുതോടായി പാട്യത്തെത്തുമ്പോൾ ജലസമൃദ്ധി വർദ്ധിച്ചാണ് പാത്തിപ്പുഴ ഒഴുകുന്നത്.തലശ്ശേരി പുഴയെന്നും അറിയപ്പെടുന്ന 30 കിലോമീറ്റർ ദൈർഘ്യമുള്ള നദിയാണിത്. പല ഭാഗങ്ങളിലും ഒഴുക്ക് തടസ്സപ്പെടുന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന വെള്ളപ്പൊക്കത്തിന് കാരണം. വൻ മരങ്ങൾ വളർന്ന് കാടുമൂടിയും ബണ്ടുകളിലും ചെക്ക്ഡാമുകളിലും മണൽ മൂടിയും കിടന്ന പുഴയെ റൂം ഫോർ റിവർ പദ്ധതി അടിമുടി മാറ്റി പഴയകാല പ്രതാപത്തിലെത്തിക്കുകയായിരുന്നു. മാലിന്യവും മണലും കോരിയെടുത്തും വൃത്തിയാക്കിയുമാണ് ഒഴുക്ക് പൂർവ്വസ്ഥിതിയിലാക്കിയത്.
വലിയ മഴയിലും കവിഞ്ഞുമറിയാതെ
ഇത്തവണ ശക്തമായ മഴ പെയ്തിട്ടും പാത്തിപ്പുഴ കരകവിഞ്ഞില്ല. ആറുമീറ്റർ ഉയരത്തിലായിരുന്നു ജലവിതാനം.പുഴയുടെ ഇരുഭാഗങ്ങളിലുള്ള പാട്യം , മൊകേരി, കതിരൂർ പഞ്ചായത്തുകളിലെ കാർഷികവിളകൾ നശിച്ചില്ല. തോടുകളിലേയും പുഴകളിലേയും ഒഴുക്ക് ശരിയായ രീതിയിലാക്കിയാൽ പുഴയുടെ സമീപ പ്രദേശങ്ങളിലെ ദുരിതം വലിയൊരു ശതമാനത്തോളംഒഴിവാക്കാനാവുമെന്ന് തെളിഞ്ഞതായി പ്രദേശത്തുകാർ പറയുന്നു
വെള്ളക്കെട്ട് ഒഴിയാതെ വയലുകൾ
സ്വകാര്യവ്യക്തികളിൽ ചിലർ കാലാകാലങ്ങളായി തോടുകൾ കൈയേറി വീതികുറച്ചതിനെ തുടർന്ന് വയലുകളിലേക്ക് വെള്ളം മറിയുന്ന അനുഭവം പലയിടത്തുമുണ്ട്. രണ്ടും മൂന്നും മീറ്റർ വീതിയിൽ വെള്ളം ഒഴുകിയിരുന്ന തോടുകളിൽ പലതിനും പാതി പോലും വീതിയില്ല.വേനൽകാലത്ത് തോടുകൾ കൈയേറി കല്ല് കെട്ടി വിസ്തൃതി കുറക്കുന്നതിനെതിരെ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.