ഇരിട്ടി: തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി മേഖലയിൽ വ്യാപകമായ നാശനഷ്ടം. കരിക്കോട്ടക്കരി ഉരുപ്പംകുറ്റി റോഡിൽ കൃഷിഭവന് സമീപം പൊതുമരാമത്ത് റോഡിലേക്ക് കൂറ്റൻ വാകമരത്തിന്റെ ശിഖരം പൊട്ടി വീണു. വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക് കൂറ്റൻ ശിഖരം വീണ് പുരയിടത്തിലെ തെങ്ങും മാവും അടക്കം നിരവധി ഫലവൃക്ഷങ്ങൾ നശിച്ചു. മരം പൊട്ടിവീണതിൽ വീടിന്റെ മതിലടക്കം തകർന്ന നിലയിലാണ്. വീടിന്റെ തിണ്ണയിൽ നിന്നിരുന്ന കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾക്ക് സമീപം വരെയും മരച്ചില്ലകൾ എത്തിയെങ്കിലും കേടുപാടുകൾ സംഭവിക്കാതെ രക്ഷപ്പെട്ടു. പൊതുമരാമത്ത് റോഡിലെ അപകടാവസ്ഥയിൽ കൂറ്റൻ വാകമരം മുറിച്ചു മാറ്റണമെന്ന് പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല. കേടുവന്ന് ദ്രവിച്ച ഒരു ശിഖരം വീണതോടെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മറ്റ് രണ്ട് ശിഖരങ്ങൾ കൂടുതൽ അപകടാവസ്ഥയിൽ ആയിരിക്കുകയാണ്. രണ്ടുമാസം മുമ്പ് മരം മുറിച്ചു മാറ്റുന്നതിന് കരാറുകാരൻ എത്തിയെങ്കിലും മറ്റ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മുറിക്കാതെ പോവുകയായിരുന്നുവത്രെ. വിദ്യാർത്ഥികൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വേരടക്കം ദ്രവിച്ചു തുടങ്ങിയ മരം ഏത് നിമിഷവും പൊട്ടിവീഴുന്ന നിലയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്ഥലത്തെത്തിയ കരിക്കോട്ടക്കരി പൊലീസ് എസ്.ഐ. പ്രഭാകരന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് അധികാരികളുമായി ഫോണിൽ ബന്ധപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ അപകടാവസ്ഥയിലായ മരം ഇന്നലെ തന്നെ മുറിച്ചു നീക്കി. മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു കരിക്കോട്ടക്കരി 18 ഏക്കർ റോഡിൽ തേക്ക് മരം പൊട്ടിവീണ് ഒറവാറന്തറ ജിന്നിയുടെ വീട്ട് മുറ്റത്തേക്ക് പതിച്ചു. സമീപത്തെ പുരയിടത്തിൽ നിന്ന മരമാണ് വീട്ടുമുറ്റത്തേക്ക് പൊട്ടിവീണത്. കനത്ത കാറ്റും ഒപ്പം മഴയുമാണ് ഈ മേഖലയിൽ നാശം വിതച്ചത്. പല തോട്ടങ്ങളിലും റബർ മരങ്ങൾ പൊട്ടിവീണിട്ടുണ്ട്. ജിന്നിയുടെ വീടിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചു . മരം പൊട്ടിവീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. സ്ഥലം ഉടമ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തതാണ് അപകടകാരണം എന്ന് പ്രദേശവാസികൾ പറയുന്നു. സമീപത്തെ ഒരു ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട് . കരിക്കോട്ടക്കരി പൊലീസ് സ്ഥലം ഉടമയെ വിളിച്ചുവരുത്തി അപകടകരമായ മരം മുറിച്ചുമാറ്റി. അയ്യൻകുന്നിൽ വൈദ്യുതി ബന്ധം താറുമാറി അയ്യൻകുന്നിലെ വിവിധ മേഖലകളിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിൽ എടൂർ സെക്ഷന്റെ കീഴിൽ നിരവധി പോസ്റ്റുകൾ തകർന്ന് വീണു. ഉച്ചയോടെ ഈ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ് . ആനപ്പന്തി കഞ്ഞിക്കണ്ടം റോഡിൽ തെങ്ങ് കടപുഴകി വീണതിൽ ആറ് എച്ച്.ടി പോസ്റ്റുകൾ തകർന്നു. വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറത്തികൊണ്ട് പോയി. എടൂർ സെക്ഷന്റെ കീഴിൽ മൊത്തം ആറ് എച്ച്.ടി പോസ്റ്റുകളും 20 ഓളം എൽ.ടി പോസ്റ്റുകളും തകർന്നു. 20 ഓളം സ്ഥലത്ത് മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടി. 20 ൽ അധികം സ്ഥലത്ത് മരം വീണ് വൈദ്യുതി മുടങ്ങിയിട്ടുണ്ട്. മെയിൻ ലൈനിൽ ഒഴികെ നാളെയോടുകൂടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുവെന്ന് കെ.എസ്.ഇ.ബി എടൂർ സെക്ഷൻ അധികൃതർ പറഞ്ഞു.