mannidichal

പരിയാരം: വൻ അപകടഭീഷണി ഉയർത്തി പരിയാരം ചുടലിയിലെ സർവീസ് റോഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ. ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പ് യാത്രക്കാർക്കും പരിസരവാസികൾക്കും ഒരു പോലെ ഭീഷണി സൃഷ്ടിക്കുകയാണ്. ഇതിനകം ഇടിഞ്ഞ മണ്ണിനൊപ്പം വലിയ ഉരുളൻ കല്ലുകളും താഴേക്ക് പതിച്ചിട്ടുണ്ട്. മഴ ഇനിയും കനത്താൽ ദേശീയ പാതയിലിലെ വാഹനങ്ങക്കും യാത്രക്കാർക്കും വൻ ഭീഷണിയാകുമെന്ന് എന്ന് പരിസരവാസികൾ പറയുന്നു.

ഈ മണ്ണിടിച്ചലിന് താഴെ നിർമ്മിച്ച സർവീസ് റോഡിലൂടെയുള്ള വാഹനഗതാഗതം നിർത്തിവച്ച് പകരം അതിന്റെ തൊട്ടടുത്തുള്ള വീതി കുറഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന് സമീപത്തെ ഔലിയ മസ്ജിദിനും മണ്ണിടിച്ചിൽ ഭീഷണിയായിട്ടുണ്ട്. യാത്രക്കാരായ സ്ത്രീകൾക്കുൾപ്പെടെയുള്ളവർക്ക് വിശ്രമകേന്ദ്രവും നിസ്‌കാര സൗകര്യമുള്ളതാണ് ഈ മസ്ജിദ്.

ഫലപ്രദമാകാതെ സിമന്റ് പ്ളാസ്റ്ററിംഗ്

ഏമ്പേറ്റിൽ ദേശീയപാതാ നിർമ്മാണത്തിനായി മണ്ണെടുത്തിടത്ത് സിമന്റ് പ്ലാസ്റ്ററിംഗ് നടത്തിയെങ്കിലും ഫലപ്രദമായിട്ടില്ല. മണ്ണ് ഇടിയുന്നത് തടയാൻ നിർമ്മിച്ച സംരക്ഷണഭിത്തി തന്നെ പല സ്ഥലത്തും അടർന്ന് വീണിട്ടുണ്ട്.ഇതും സർവീസ് റോഡുവഴിയുള്ള വാഹനഗതാഗതത്തിന് ഭീഷണിയാണ്. ജീവന് തന്നെ ഭീഷണിയാകുന്ന ചുടല വളവിലെ മണ്ണിടിച്ചലിന് പരിഹാരമായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി നിർമ്മിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കർണ്ണാടക അങ്കോല ദേശീയപാതയിലെ ഷിരൂരിൽ സംഭവിച്ച മണ്ണിടിച്ചൽ ഒരു പാഠമായി കാണണം. ചുടലയിലെ അപകട ഭീഷണി ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിയും നിർമ്മാണ കമ്പനിയും നടപടി കൈക്കൊള്ളണം- നജ്മുദിൻ പിലാത്തറ(സാമൂഹ്യപ്രവർത്തകൻ)​