കൊട്ടിയൂർ: ഇന്നലെ ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും പേരാവൂർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ വ്യാപകമായ നാശനഷ്ടം. കൊട്ടിയൂർ കണ്ടപ്പുനം ടൗണിലെ വൈദ്യുതി തൂണിന് മുകളിൽ തേക്ക് മരം പൊട്ടിവീണ് ആറോളം വൈദ്യുതി തൂണുകൾ തകർന്നു. കേബിൾ നെറ്റ് വർക്കിന്റെ ഫൈബർ കേബിളുകളും നശിച്ചു. വൈദ്യുത തൂണുകൾ റോഡിലേക്ക് വീണതിനെത്തുടർന്ന് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. തുടർന്ന് ജനപ്രതിനിധികളും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് തടസങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി.
കാറ്റിൽ മന്ദംചേരിയിലെ വത്സല ചന്ദ്രന്റെ വീട്ടുവളപ്പിലെ വാഴകൃഷി പൂർണമായും നശിച്ചു. കേളകം പഞ്ചായത്തിലെ ആനക്കുഴി കുണ്ടേരി റോഡിൽ വലിയ മരം വൈദ്യുത ലൈനിന്റെ മുകളിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരുമിറങ്ങി മരം മുറിച്ച് നീക്കി.
നനാനിപ്പൊയിൽ ശശിയുടെ വീടിന് മുകളിലേക്ക് തെങ്ങു വീണത് നാട്ടുകാരുടെ സഹായത്തോടെ മുറിച്ചു നീക്കി. പൂവത്തിൻചോലയിൽ റോഡിലേക്ക് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കേളകം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 20 ഓളം മരങ്ങളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്.
പേരാവൂർ തൊണ്ടിയിൽ കുറുമ്പുറത്ത് ജോമിഷിന്റെ വീടിനുമുളകിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. പേരാവൂർ തെരുവത്ത് തേക്ക് മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. കുനിത്തല മുക്കിൽ കൃഷിഭവന് മുന്നിലുള്ള മരം റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. പേരാവൂർ ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
മേനച്ചോടിയിൽ ഇന്നലെ ഉച്ചക്ക് 12.30 മണിയോടെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു.
കൊറോത്ത് ജോൺസന്റെ വീടിനു മുകളിൽ മരം കടപുഴക്കിവീണു. രാഹുൽ മേനച്ചോടിയുടെ വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്ന് പോയി. വിനോദ് പാടത്തിയുടെ നിരവധി ബഡ്ഡ് കശുമാവുകളും, മറ്റ് സമീപ വാസികളുടെ തെങ്ങ്, കവുങ്ങ്, മറ്റ് ഫലവൃക്ഷങ്ങളും കാറ്റിൽ കടപുഴകി വീണു. ഇന്നലെ ഒരു ദിവസം കൊണ്ട് ലക്ഷങ്ങളുടെ നാശ നഷ്ടമാണ് മലയോരത്തുണ്ടായത്.