തലശ്ശേരി: ദേശീയപാതയിൽ തലായിയിലെ ബാലഗോപാലൻ ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ച പ്രതിയെ വൈകാതെ പൊലീസ് പിടികൂടി. പയ്യന്നൂർ രാമന്തളി, കുന്നരുവിലെ പി.വി.പ്രകാശനെ (46) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ക്ഷേത്രത്തിൽ തൂക്കിയിരുന്ന വിളക്കുകൾ അഴിച്ചെടുത്ത് കൊണ്ടുപോയത്. 11 വിളക്കുകൾ, ഒരു ഉരുളി, ചട്ടുകം, ഒരു ബക്കറ്റിൽ നിറയെ നെയ് വിളക്കുകൾ എന്നിവയാണ് പ്രതി അടിച്ച് മാറ്റിയത്. മാഹിയിലെ ഒരു മദ്യഷാപ്പിൽ നിന്നു മദ്യം കഴിച്ച് ലക്കുകെട്ട പ്രതിയുടെ കൈയിലുള്ള ബക്കറ്റിൽ വിളക്കുകൾ ചിലർ കണ്ടതിനാൽ മാഹി പൊലീസിനെ വിവരമറിയിച്ചു. ക്ഷേത്രത്തിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇന്നലെ ഗുരുപൂജക്കായി ഉപയോഗിച്ച വിളക്കുകളും മറ്റുമായിരുന്നു ഇത്. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയവരാണ് വിളക്കുകളും മറ്റും കാണാത്ത കാര്യം അറിയുന്നത്. എസ്.ഐ.വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിൽ നടന്ന സമാന കേസിലെ പ്രതിയാണ് പ്രകാശൻ. കളവ് നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പ്രതി പിടിയിലായത്.