ബേക്കൽ:ബേക്കൽ കോട്ടയിലെ പുരാതനമായ കിണറുകൾ പുനരുജ്ജീവിപ്പിച്ച് കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടക്ക് പുറത്തുള്ള മൂന്നും അകത്തുള്ള ഇരുപത് കിണറുകളും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്തിയാക്കി സംരക്ഷണമൊരുക്കിയത്. മാലിന്യം വലിച്ചെറിയാതിരിക്കാൻ ഇവയ്ക്ക് ഇരുമ്പ് ഗ്രില്ലുകളും ഘടിപ്പിക്കുന്നുണ്ട്.
ഇതിൽ രണ്ട് കിണറുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് നടപ്പാതയുണ്ട്.ഈ നടപ്പാതയിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ കൈവരികൾ സ്ഥാപിക്കും.നിലവിൽ ഏഴ് കിണറുകളിലെ ചെളിയും മണ്ണും മാറ്റി മുകളിൽ ഗ്രില്ലുകൾ സ്ഥാപിച്ചു.ചില കിണറുകളുടെ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി.ബാക്കിയുള്ള കിണറുകളുടെ ശുചീകരണവും പുനരുദ്ധാരണവും മഴ കഴിഞ്ഞാൽ തുടങ്ങും. കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ.രാമകൃഷ്ണ റെഡ്ഡി, ഡെപ്പ്യൂട്ടി സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് സി കുമാരൻ എന്നിവരെ ബേക്കൽ കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റിവ് അസിസ്റ്റൻ്റ് ഷാജു പി.വി,ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവരാണ് പുനരുദ്ധാരണം നിരീക്ഷിക്കാനെത്തിയത്.
23 കിണറുകൾ
3 കോട്ടയ്ക്ക് പുറത്ത്
20 കോട്ടയ്ക്ക് അകത്ത്