മാഹി: സാഹിത്യ പ്രതിഭകളും ഭാഷാപണ്ഡിതരുമടക്കമുള്ള അദ്ധ്യാപകരെ കൊണ്ട് സമ്പന്നമായിരുന്ന മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളജിലെ മലയാളം വിഭാഗം നിയമനമില്ലാതെ മുടന്തുന്നു. ഒൻപത് അദ്ധ്യാപകിൽ ആറുപേർ വിരമിക്കുകയും രണ്ടുപേർ മറ്റ് കോളേജുകളിലേക്ക് മാറ്റം നേടി പോകുകയും ചെയ്തതോടെ ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ആയ അദ്ധ്യാപകനിൽ ഒതുങ്ങി.
പകരം നിയമനം നടക്കുന്നില്ല എന്നതാണ് കോളേജിലെ മലയാളം വിഭാഗം നേരിടുന്ന പ്രധാന പ്രശ്നം. ഒഴിവ് കൃത്യമായി സർക്കാരിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതാണ് ഇതിന് കാരണമെന്നാണ് വിവരം. ഏറ്റവുമൊടുവിൽ ഇംഗ്ലീഷ് ഉൾപ്പെടെ ഇതരവിഷയങ്ങളിൽ യു.പി.എസ്.സി. വഴി അഞ്ച് വർഷം മുമ്പാണ് നിയമനം നടന്നത്.
പ്രമുഖ പ്രഭാഷകനും നിരൂപകനുമായ ഡോ.കെ.പി.മോഹനൻ,പ്രൊഫ.വസുന്ധര രാധാകൃഷ്ണൻ, കവി പി.വി.വത്സരാജ്, മലയാള ഭാഷാലിപി പരിഷ്‌ക്കരണ വിദഗ്ധനും നാടക പ്രതിഭയുമായ ഡോ.മഹേഷ് മംഗലാട്ട്, വ്യാകരണത്തിൽ പ്രാവീണ്യമുള്ള ഇ.സി.ശ്രീഷ്, നിരൂപകനും ചിന്തകനുമായ ഡോ.എസ്.എസ്.ശ്രീകുമാർ, ഫോക്‌ലോർ ഗവേഷകൻ ഡോ.കെ.എം.ഭരതൻ, സാഹിത്യപ്രതിഭയായ ഡോ.വത്സലൻ വാതുശ്ശേരി എന്നിവർക്ക് പകരമാണ് പുതിയ അദ്ധ്യാപകരെ നിയമിക്കേണ്ടത്. ഭാഷാപണ്ഡിതനായ ഡോ.കെ.കെ.ബാബുരാജ് മാത്രമാണ് ഇപ്പോൾ ഡിപ്പാർട്ട്‌മെന്റിലുള്ളത്.
ബിരുദ ക്ളാസുക്കളിൽ മാത്രം ആഴ്ചയിൽ 90 ക്ളാസുകൾ
രണ്ടാം ഭാഷ പിരീഡുകൾ വേറെ
മലയാളം ബിരുദ വിദ്യാർത്ഥികൾക്ക് തൊണ്ണൂറോളം പിരീഡുകൾ ലഭിക്കണം. ഇതിന് പുറമെ ഇതര വിഷയങ്ങളിൽ രണ്ടാം ഭാഷയായും മലയാളം പഠിപ്പിക്കണം. ഒന്ന്,രണ്ട് വർഷങ്ങളിലെ നാല് ബാച്ചുകൾക്ക് ആഴ്ചയിൽ അഞ്ച് പിരീഡുകൾ എടുക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണ പ്രകാരം സെമസ്റ്റർ ആറിൽ നിന്ന് എട്ടായി ഉയർത്തിയിട്ടുണ്ട്.ഈ ഘട്ടത്തിൽ മുഴുവൻ ഒഴിവുകൾ നികത്തിയാൽ പോലും അദ്ധ്യാപകർക്ക് ജോലിഭാരം വർദ്ധിക്കുമെന്നിരിക്കെയാണ് മലയാള വിഭാഗത്തോട് കടുത്ത അവഗണന അധികൃതർ കാട്ടുന്നത്.
അറബിക് അദ്ധ്യാപകനില്ലാതെ ആറാംവർഷം
അറബിക് വിഭാഗത്തിലെ ഏക അദ്ധ്യാപകൻ വിരമിച്ച ശേഷം ആറ് വർഷമായി നിയമനം നടന്നിട്ടില്ല. സ്വന്തമായി പഠിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്.നിലവിൽ ബി അക്രഡിറ്റേഷനുള്ള കോളജിൽ ആറ് മാസത്തിനകം നാക് സംഘംപരിശോധനക്കെത്തും.ഇത് മുൻനിർത്തി അഞ്ച് മാസത്തേക്ക് എസ്.ടി.സി വ്യവസ്ഥയിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കാനാണ് നീക്കം യു.പി.എസ്.സി. വഴിയുള്ള സ്ഥിര നിയമിക്കുന്നത് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏഴ് വർഷത്തോളമായി സ്ഥിരം പ്രിൻസിപ്പാളില്ലാതെയാണ് കോളജിന്റെ പ്രവർത്തനം.