മട്ടന്നൂർ: നിയോജകമണ്ഡലത്തിലെ മട്ടന്നൂർ -ഇരിക്കൂർ റോഡിലെ മണ്ണൂരിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് പുഴത്തീരം ഒഴിവാക്കി റോഡ് നിർമ്മിക്കാൻ തീരുമാനം. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടലുകളെ തുടർന്നാണ് ബദൽ റോഡിന് കിഫ്ബി അംഗീകാരം നൽകിയത്. പുഴത്തീരം ഒഴിവാക്കി റോഡിന് സമീപത്തെ ഭൂമിയും കെട്ടിടവും ഏറ്റെടുത്ത് ബദൽപാത നിർമ്മിക്കാൻ കിഫ്ബി സി.ഇ.ഒ അംഗീകാരം നൽകി.
ഇതിലൂടെ പുതുക്കിയ അലൈൻമെന്റ് തയ്യാറാക്കി നിർമ്മാണ പ്രവൃത്തികൾ നടത്താനും കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനും ബദൽ പാതക്കുമുള്ള തുടർനടപടികൾ സ്വീകരിക്കാൻ കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയറെ മന്ത്രി ചുമതലപ്പെടുത്തി. അടിയന്തരമായി ബദൽപാത ഒരുക്കി ഗതാഗതം പുനസ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗത്ത് 18 മുതൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാദ്ധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
കഴിഞ്ഞ 18ന് നായിക്കാലിയിൽ റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചിരുന്നു. പുനർനിർമാണം നടക്കുന്ന റോഡാണ് പൂർണമായും ഇടിഞ്ഞു താഴ്ന്നത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. റോഡിന് സമീപത്തുള്ള വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പുഴയോരത്ത് സംരക്ഷണ ഭിത്തിയടക്കം നിർമ്മിച്ച് റോഡ് പുതുക്കിപ്പണിയുന്ന പ്രവൃത്തി കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഇത് എങ്ങുമെത്താതെ നീളുന്നതിനിടയ്ക്കാണ് റോഡ് പൂർണമായും തകർന്നത്. നിർമ്മാണ പ്രവൃത്തി നടക്കുന്ന ഭാഗം ഉൾപ്പെടെ വെള്ളം കയറി.
പുനർനിർമ്മാണം നടക്കുന്ന റോഡാണ് പൂർണമായും ഇടിഞ്ഞുതാഴ്ന്നത്
ആറുവർഷം മുൻപാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്.
സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് പുതുക്കിപ്പണിയുന്ന പ്രവൃത്തിയാണ് നടക്കുന്നത്
രാഷ്ട്രീയ ശ്രദ്ധ നേടിയ വിഷയം
നായിക്കാലിയിൽ ബദൽ റോഡിന് സ്ഥലം ഏറ്റെടുത്ത് ഉടൻ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. നേതൃത്വത്തിൽ കഴിഞ്ഞദിവസം മട്ടന്നൂരിൽ ബഹുജന ധർണ നടത്തിയിരുന്നു. പ്രവൃത്തി നീട്ടിക്കൊണ്ടുപോയ കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം നടത്തുക, കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി കരാർ പ്രവൃത്തികളിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കോൺഗ്രസ്, ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.