photo-

കണ്ണൂർ:ദേശീയപാതയിൽ അങ്ങോളമിങ്ങോളമുള്ള കുഴികൾ മൂലം വാഹനയാത്ര ട്രക്കിംഗിന് സമാനമായ അനുഭവമാകുന്നു.കനത്ത മഴയിൽ വെള്ളം നിറഞ്ഞ കുഴികൾ ശ്രദ്ധയിൽ പെടാത്തതിനാൽ ഇരുചക്രവാഹനങ്ങളടക്കം അപകടപ്പെടുന്നതും പതിവ് അനുഭവമായി.തുടർമഴയിൽ ടാറിംഗ് തകർന്ന് കുഴികളില്ലാതെ റോഡ് കാണാത്ത അനുഭവമാണ് വടക്കൻമേഖലയിൽ.

റോഡിലെ കുഴികൾ അടച്ച് ഗതാഗതസൗകര്യം ഒരുക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വം അതതു സ്ഥലങ്ങളിൽ ദേശീയപാത വികസന കരാർ ഏറ്റെടുത്ത കമ്പനികൾക്കാണ്. എന്നാൽ വലിയ ഉപേക്ഷയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കണ്ണൂർ നഗരത്തിൽ ഹൈവേ മുതൽ പുതിയതെരു ടൗൺ വരെ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.തെക്കീബസാറിൽ രണ്ടു മാസത്തിനിടയിൽ മൂന്ന് പ്രാവശ്യം കുഴിയടച്ചെങ്കിലും ഫലപ്രദമല്ല.അടച്ച കുഴി അടുത്ത ദിവസത്തെ ശക്തമായ വീണ്ടും പ്രത്യക്ഷപ്പെട്ടു.റോഡ് മുഴുവനായി തകർന്നിട്ടില്ലാത്തതിനാൽ വേഗതയിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടപ്പെടുകയാണ്. വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും ഇവിടെ പതിവാണ്.

വളപട്ടണം പാലത്തിനു സമീപം കഴിഞ്ഞവർഷം കുഴികൾ രൂപപ്പെട്ട അതെയിടത്ത് വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു. ഇതുമൂലം വലിയ ഗതാഗതകുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മൂലം യാത്ര ദുരിതപൂർണമായതിന് പുറമെയാണ് കുഴികൾ മൂലമുള്ള ദുരിതം.

തിരിഞ്ഞുനോക്കാതെ സർവ്വീസ് റോഡ്

പൊട്ടിപ്പൊളിഞ്ഞ സർവ്വീസ് റോഡിനെ ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.കീച്ചേരി മുതൽ വേളാപുരം വരെ സർവ്വീസ് റോഡിലൂടെ യാത്ര നരകതുല്യമായിട്ടുണ്ട്. നിറയെ കുഴികളാണിവിടെ. കൃത്യമായ മണ്ണ് പരിശോധനയും മറ്റും നടത്താതെ ധൃതിയിലാണ് സർവ്വീസ് റോഡുകൾ നിർമ്മിച്ചതെന്നാണ് ആക്ഷേപം.ഇതിനാൽ മഴയുടെ തുടക്കത്തിൽ തന്നെ മിക്കയിടത്തും വെള്ളക്കെട്ടും കുഴികളും മണ്ണിടിച്ചലും ഉണ്ടായി.പാപ്പിനിശ്ശേരി-കീച്ചേരി-വേളാപുരം എന്നിവിടങ്ങളിൽ എണ്ണിത്തീർക്കാൻ പറ്റാത്തത്ര കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.