1
ഗംഗാവലി നദി

അങ്കോള ( ഉത്തര കർണ്ണാടക): മണ്ണിടിച്ചലിൽ കോഴിക്കോട് സ്വദേശി അർജുനെയും കൂറ്റൻ ട്രക്കും വിഴുങ്ങിയ ഗംഗാവലി നദി ലോകശ്രദ്ധയിൽ. പശ്ചിമ കർണാടകത്തിൽ ഉത്ഭവിച്ച് ഒഴുകുന്ന ഗംഗാവലി കൊങ്കണിലെ ഏറ്റവും സൗന്ദര്യമുള്ള നദിയാണ് .

പശ്ചിമഘട്ടത്തിൽ ധാർവാഡിന് തെക്ക് സോമേശ്വര ക്ഷേത്രത്തിന് സമീപം ശൽമല എന്ന പേരിലാണ് ഉത്ഭവം. പടിഞ്ഞാറോട്ട് ഒഴുകി ഗംഗാ ക്ഷേത്രം കഴിഞ്ഞ് അറബിക്കടലിൽ ചേരുന്നു. ഗംഗാദേവിയിൽ നിന്നാണ് ഗംഗാവലി എന്ന പേര്. ഈ ഗ്രാമം ഗംഗവല്ലി.

ഉൽഭവിച്ച് 30 കിലോമീറ്റർ താഴോട്ട് ഒഴുകി കൽഘട്ഗിയിൽ വച്ച് ബേഡ്തി നദിയിൽ ചേരുന്നു. ഹുബ്ലിക്ക് സമീപമാണ് ബേഡ്തിയുടെ ഉൽഭവം.

ഗംഗാവല്ലി പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശകളിൽ ഒഴുകുന്നു. മൊത്തം നീളം 152 കിലോമീറ്റർ. 3,574 കിലോമീറ്റർ വൃഷ്ടി പ്രദേശം. അറബിക്കടലിലേക്കുള്ള പ്രയാണത്തിൽ മഗോഡ് എന്ന സ്ഥലത്ത് 183 മീറ്റർ ( 600 അടി) താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാകുന്നു (മഗോഡ് വെള്ളച്ചാട്ടം). മഞ്ചഗുനിയിൽ വച്ച് അറബിക്കടലുമായി സംഗമിക്കുന്നു. മഞ്ചഗുനി സഹ്യന്റെ പശ്ചിമ താഴ്‌വരയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. പൗർണമിയിൽ വേലിയേറ്റവും വേലിയിറക്കവും മനോഹര ദൃശ്യമാണ്.

ഏറ്റവും ആഴം

ഷിരൂരിൽ

ഗംഗാവലി ആദ്യത്തെ 72 കിലോമീറ്റർ ശാന്തമാണ്. മഗോഡ് വെള്ളച്ചാട്ടം കഴിഞ്ഞ് ബേധി നദിയുടെ പോഷകനദിയായ സോണ്ട ഗംഗാവലിയിൽ ചേരുന്നു. പിന്നെ ഒഴുക്ക് അഗാധ ഗർത്തങ്ങളിലൂടെ. നിത്യഹരിത വനമാണ് ഇരുവശവും. ധാർവാഡ്, ഉത്തര കന്നഡ ജില്ലകളുടെ ജീവജലമാണ്. അങ്കോള, ഷിരൂർ മേഖലയിൽ കുത്തൊഴുക്കാണ്. മഴക്കാലത്ത് പതിന്മടങ്ങ് ശക്തി. ഏറ്റവും ആഴം ( 25 അടി ) ഷിരൂർ - അങ്കോള ഭാഗത്താണ്. ഗംഗവല്ലി റോഡിലാണ് ടൂറിസ്റ്റ് കേന്ദ്രവും ക്ഷേത്ര നഗരവുമായ ഗോകർണം. കന്യാകുമാരി - പൻവേൽ (മഹാരാഷ്‌ട്ര) ദേശീയപാത 66 ലെ ഹൊസൂർ പാലം ഗംഗാവലിക്ക് കുറുകെയാണ്.