ameebic

പരിയാരം:അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച മൂന്നരവയസുകാരൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുമ്പോഴും രോഗം എവിടെ നിന്ന് പരന്നുവെന്നതിൽ സ്ഥിരീകരണം നടത്താനാകാതെ ആരോഗ്യവകുപ്പ്. മൂന്നിടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ പോണ്ടിച്ചേരിയിലെ ലാബിൽ എത്തിച്ചെങ്കിലും ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

കുട്ടിക്ക് രോഗം പിടിപെട്ടത് കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചതിനാലാണെന്നായിരുന്നു പ്രചാരണം. വിവരം പുറത്തുവന്നതോടെ കഴിഞ്ഞ 20ന് ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതർ മൂന്നിടങ്ങളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. ഇത് പോണ്ടിച്ചേരിയിലെ വിനായക മെഡിക്കൽ കോളേജിലാണ് പരിശോധനക്ക് അയച്ചത്. പരമാവധി പെട്ടെന്ന് തന്നെ പരിശോധനാ ഫലം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ച് ദിവസമായിട്ടും ഫലം ലഭിച്ചിട്ടില്ല.

കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന് ഇത് സംബന്ധിച്ച് ഇതുവരെ വിവരം ലഭ്യാമാക്കിയിട്ടില്ല. റിസൾട്ട് വേഗത്തിൽ ലഭിക്കാനായി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ശനിയാഴ്ച്ച രാത്രി പോണ്ടിച്ചേരിയിലേക്ക് പോയി നേരിട്ടാണ് സാമ്പിൾ നൽകിയത്. കുട്ടിയുടെ നില ആശങ്കാജനകമായി തുടരുകയാണ്. രോഗം എവിടെ നിന്ന് പരന്നുവെന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കാത്തത് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും പ്രദേശത്തുണ്ട്.