1

അങ്കോള (ഉത്തരകർണ്ണാടക): മണ്ണിടിച്ചിലനെ തുടർന്ന് കാണാതായ അർജുനും ട്രക്കും ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ കൈയെത്താദൂരത്ത്. പുഴയിൽ കീഴ്മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. അതിൽ അർജുൻ ഉണ്ടോ?​ ഉണ്ടെങ്കിൽ ഏതു നിലയിൽ എന്നു വ്യക്തമായിട്ടില്ല. ഇന്നു രാവിലെ ഏഴു മണിക്ക് ട്രക്ക് എടുക്കാനുള്ള പരിശ്രമം തുടരും. ഇരുമ്പു വടം ട്രക്കിൽ ബന്ധിച്ചാവും പരിശ്രമം.

ഇന്നലെ ദൗത്യം നിർണായകഘട്ടത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വില്ലനായി. മൺകൂനകളുടെ ഉള്ളിൽ നിന്ന് ട്രക്ക് പൊക്കിയെടുക്കാനായില്ല. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി മംഗള കൃഷ്ണ വൈദ്യയും സൈന്യവും സ്ഥിരീകരിച്ചത്. ഉത്തര കന്നഡ ജില്ല ഭരണകൂടവും ഈ വിവരം കർണാടക സർക്കാരിനെ അറിയിച്ചു.

ബൂം എസ്കവേറ്റർ ഉപയോഗിച്ച് ആഴത്തിൽ മണ്ണ് ഡ്രഡ്ജ് ചെയ്യാനുള്ള നടപടികൾ ഉടൻ തുടങ്ങി.കൂടുതൽ ക്രെയിനുകൾ എത്തിച്ചു. എൻ.ഡി.ആർ. എഫ് സംഘം ജാഗരൂകരായി. കേരളത്തിൽ നിന്നടക്കം തിരൂരിൽ എത്തിയ ദൗത്യ സംഘത്തെ തെരച്ചിലിന് സഹകരിപ്പിക്കുന്നതിന് ആലോചനയും നടന്നു. നേവിയുടെ ഡീപ്പ് ഡൈവേഴ്സ് തെരച്ചിലിന് ഇറങ്ങി.ഡ്രോൺ ബേയ്സ്ഡ് ഐ ബോഡ് ഉപയോഗിച്ച് പുഴയിൽ 20, 30 മീറ്ററുകൾ ദൂരത്ത് മണ്ണ് അടിഞ്ഞുകൂടിയ സ്ഥലത്ത് പരിശോധന ഊർജ്ജിതമാക്കി. പ്രതികൂല കാലാവസ്ഥയാൽ ഈ നീക്കം അധികനേരം തുടരാനായില്ല.

അന്നത്തെ മഴ പിന്നെയും

14ന് പുലർച്ചെ മലയിടിഞ്ഞ സമയത്ത് ഉണ്ടായതിനു സമാനമായ കനത്ത മഴയും കൊടുങ്കാറ്റും ട്രക്ക് കണ്ടെത്തിയ വൈകുന്നേരം മൂന്നര മണി തൊട്ട് ഷിരൂരിലുണ്ടായി. നിറുത്താതെ പെയ്ത മഴ തെരച്ചിലിനെ ബാധിച്ചു. അഞ്ചു മണിയോടെ സ്ഥലത്ത് മൂടൽമഞ്ഞും ഇരുളും വ്യാപിച്ചു. വെളിച്ചത്തിന് സംവിധാനം ഉണ്ടാക്കി തെരച്ചിൽ തുടരുമെന്ന് കാർവാർ എം.എൽ.എ സതീശ് സെയിൽ പറഞ്ഞിരുന്നെങ്കിലും അപകടസാദ്ധ്യത കണക്കിലെടുത്ത് നീക്കം ഉപേക്ഷിച്ചു.

ആറു മണിയോടെ സൈന്യത്തിന്റെയും നാവിക സേനയുടെയും ഡൈവേഴ്സ് ഗംഗാവലിയുടെ ആഴങ്ങളിലെ പരിശോധന നിറുത്തി കരയ്ക്കുകയറി. എസ്ക്കവേറ്ററും ഔദ്യോഗിക വാഹനങ്ങളും സ്ഥലത്തുനിന്ന് പിൻവലിച്ചു. അർജുൻ ട്രക്ക് നിറുത്തി ഉറങ്ങാൻ കിടന്ന ലക്ഷ്മണന്റെ ചായക്കട സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്ന് മല ഇടിഞ്ഞു വന്നപ്പോൾ അതിന്റെ കൂടെ ഗംഗാവലി പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ദേശീയപാതയ്ക്കരികിൽ നേരത്തെ സിഗ്നൽ കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയാണ് ട്രക്ക് കിടക്കുന്നത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.