പയ്യന്നൂർ: കരിവെള്ളൂർ ആണൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം. സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വീ‌ടിന്റെ മുൻവശത്തെ വില പിടിപ്പുള്ള വാതിലും മുറികളുടെ വാതിലുകളും അലമാരകളും കൂത്തിത്തുറന്ന് നടത്തിയ മോഷണ ശ്രമത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ദേശീയപാതയോരത്തെ ഗാലക്സി ഓഡിറ്റോറിയത്തിനു സമീപം റിട്ട. കാംകോ ജീവനക്കാരൻ പി.വി.മുരളീധരന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. മുരളീധരന്റെ ഭാര്യ ഗൾഫിലുള്ള മകന്റെ അടുത്തേക്ക് പോയതിനാൽ മുരളീധരൻ വീടു പൂട്ടി ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്ച രാവിലെ ആറേകാലോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ഗേറ്റ് പൂട്ടിയ നിലയിൽ തന്നെയായിരുന്നു. മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ പറമ്പിലേക്ക് കടന്നതെന്നാണ് അനുമാനം. മുറികളിലെ വാതിലുകൾ തകർക്കുകയും അലമാരകൾ കുത്തിപ്പൊളിച്ച് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. അലമാരകളിൽ സൂക്ഷിച്ചിരുന്ന റോൾഡ് ഗോൾഡ് ആഭരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആഭരണങ്ങൾ സ്വർണ്ണമല്ലെന്ന് തിരിച്ചറിഞ്ഞ മോഷ്ടാക്കൾ ഒന്നും കിട്ടാത്ത ദ്യേഷ്യത്തിൽ അലമാരകൾ തകർത്തതായിരിക്കുമെന്നു കരുതുന്നു. അലമാരകളെല്ലാം ഉപയോഗശൂന്യമായ നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വെള്ളൂർ പോസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിലും സമാന രീതിയിലുള്ള കവർച്ചാ ശമം നടന്നിരുന്നു. ഇവിടെ നിന്ന് നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.