ആലക്കോട്: ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഉദയഗിരി പഞ്ചായത്തിലെ 9 ഫാമുകളിൽ നിന്നും 179 പന്നികളെ ശാസ്ത്രീയമായി കൊലപ്പെടുത്തി മറവ് ചെയ്തു. ഇന്നലെ രാവിലെ 9 മണിക്ക് ആരംഭിച്ച ദൗത്യം രാത്രി 7 മണിക്ക് അവസാനിച്ചു.
കണ്ണൂർ ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ബിജോയ് വർഗ്ഗീസ്, ഡോ.വിനോദ് കുമാർ (അസി.പ്രോജക്ട് ഓഫീസർ, പയ്യന്നൂർ), ഡോ.ബഷീർ (സീനിയർ വെറ്ററിനറി സർജൻ, ചെമ്പന്തൊട്ടി), ഡോ.ജയശ്രീ ( ജില്ലാ കോ-ഓർഡിനേറ്റർ, എ.ഡി.സി.പി), ഡോ.ഇ.സോയ ( സീനിയർ വെറ്ററിനറി സർജൻ) എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് എന്നീ വകുപ്പുകളുടെ പൂർണ സഹകരണമുണ്ടായി. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എസ്.അബിഷ സഹായങ്ങൾ നൽകി.