കണ്ണൂർ: കോട്ടയിലെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കോട്ടയിലെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുഴപ്പിലങ്ങാട് സ്വദേശി പ്രവീഷിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ.അജിത്ത് കുമാർ സസ്‌പെൻഡ് ചെയ്തത്. കൊല്ലം സ്വദേശികളാണ് കമ്മിഷണർക്ക് പരാതി നൽകിയത്. സ്ത്രീകൾക്കൊപ്പം എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്നായിരുന്നു പരാതി. സംഭവത്തിൽ ടി.കെ.രത്നകുമാർ വിശദ അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന് റിപ്പോർട്ട് നൽകിയിരുന്നു. എട്ട് വർഷത്തോളമായി കോട്ടയിൽ ഡ്യൂട്ടി ചെയ്ത പ്രവീഷിനെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഡി.എച്ച്.ക്യൂവിലേക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പള്ളിക്കുന്ന് സ്വദേശിയും സമാന അനുഭവമുണ്ടായപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു.