വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ കണ്ണൂർ അഴീക്കൽ തുറമുഖത്തിന്റെ ഏറെ വർഷങ്ങളായുള്ള വികസന സ്വപ്നത്തിനും വീണ്ടും നിറം വയ്ക്കുകയാണ്. വിഴിഞ്ഞം മദർ പോർട്ടിന്റെ കീഴിൽ കേരളത്തിൽ ഒട്ടേറെ തുറമുഖങ്ങളുണ്ട്. അതിലെന്നാണ് അഴീക്കലും. രണ്ട് വർഷം മുൻപുവരെ അഴീക്കൽ-കൊച്ചി ചരക്കുകപ്പൽ സർവീസ് നടത്തിയിരുന്നു. കണ്ണൂർ ഭാഗത്ത് ചരക്കിന്റെ കുറവ് കാരണം കപ്പൽ കൊണ്ടുവന്ന ഏജൻസിക്ക് നഷ്ടം വന്നതോടെ സർവീസ് നിറുത്തുകയായിരുന്നു. നിലവിലുള്ള തുറമുഖത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് അഴിമുഖം. അതിനടുത്താണ് പുലിമുട്ട്. ഈ ഭാഗമാണ് പുതിയ തുറമുഖം പ്രവർത്തന സജ്ജമാക്കേണ്ടത്. നടപടികൾ തുടങ്ങിയെങ്കിലും പദ്ധതി പൂർത്തീകരണം ഇഴഞ്ഞാണ് നീങ്ങുകയാണ്. 3047 കോടി രൂപ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിൽ 1983 കോടി രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. പ്രകൃതിദത്തമായി ഏഴുമുതൽ 12 മീറ്റർ വരെ ആഴമുള്ള ഭാഗമാണിത്. അതിനാൽ ഡ്രെഡ്ജിംഗ് നടത്താതെ വലിയ കപ്പലുകൾക്ക് അടുക്കാനാകും. മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരിൽ മുഖ്യമന്ത്രി ചെയർമാനായി തുറമുഖ വകുപ്പ് സെക്രട്ടറി കൺവീനറുമായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ കേരള ബജറ്റിൽ 9.65 കോടി രൂപ ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, ബ്രേക്ക് വാട്ടർ തുടങ്ങിയവയ്ക്ക് വകയിരുത്തിയിരുന്നു.
ഒന്നിനും വേഗത പോര
സംസ്ഥാനത്തെ വ്യവസായ രംഗത്തിന് തന്നെ പുത്തൻ മുഖമാകുമെന്ന പ്രതീക്ഷയിൽ കോടികളുടെ പ്രഖ്യാപനങ്ങളാണ് ഇതിനകം അഴീക്കലിനായി നടത്തിയത്. എന്നാൽ ചരക്ക് ഗതാഗതത്തിന്റെ മുഖമാകേണ്ട അഴീക്കലിലെ പദ്ധതികൾ സ്വപ്നമായി അവശേഷിക്കുകയാണ്. പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം കടലിൽ കായം കലക്കുംപോലെ വൃഥാവിലാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സജീവമായിരുന്ന അഴീക്കൽ തുറമുഖത്ത് സ്വാതന്ത്ര്യത്തിന് ശേഷം അരനൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് വീണ്ടും ചരക്കു നീക്കം പുനരാരംഭിച്ചത്. ആദ്യം കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കാണ് ഗതാഗതം പുനരാരംഭിച്ചത്. മുംബായ് ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ കപ്പലാണ് സർവീസ് നടത്തിയിരുന്നത്. കൊച്ചിയിൽ നിന്ന് കണ്ണൂരിലെ വ്യാപാരികൾക്ക് ടൈൽസ്, മാർബിൾ എന്നിവ കപ്പലിൽ അഴീക്കലിൽ കൊണ്ടുവന്നിരുന്നു. അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ കമ്പനിയുടെ ഹാർഡ് ബോർഡ് ഉത്പന്നങ്ങളാണ് പ്രധാനമായും കയറ്റി അയച്ചിരുന്നത്. എന്നാൽ അന്ന് കപ്പൽ ഗതാഗതത്തിന് വെല്ലുവിളിയായിരുന്ന പോരായ്മകൾക്കൊന്നും ഇതുവരെ പരിഹാരമായിട്ടില്ല. കേരള മാരിടൈം ബോർഡ് സ്വന്തമായി രണ്ട് കപ്പലുകൾ വാങ്ങി ഗതാഗതം പുനഃസ്ഥാപിക്കുമെന്നും, കപ്പൽചാലിന് നിലവിലുള്ള ആഴം മൂന്ന് മീറ്ററിൽ നിന്ന് നാലു മീറ്ററായി വർദ്ധിപ്പിക്കാനും ചരക്ക് കണ്ടെയ്‌നറുകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ വെയർഹൗസ് നിർമ്മിക്കാനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും വാഗ്ദാനങ്ങൾ പലതും നടന്നു. ബേപ്പൂരിലെ ചരക്കു ഗതാഗത്തിന് ഭീഷണിയായി അഴീക്കൽ മാറുമോ എന്ന ആശങ്കയിൽ ചിലർ നടത്തിയ ബോധപൂർവമായ ഇടപെടലാണ് പദ്ധതികളുടെ പിറകോട്ടു പോക്കിന് പിന്നിലെന്ന് ആരോപണവും ഉയരുന്നുണ്ട്.
ബജറ്റ് പ്രഖ്യാപനങ്ങൾ
അഴീക്കൽ ഉൾപ്പെടെ സംസ്ഥാനത്തെ മൈനർ തുറമുഖങ്ങൾക്കായി ഓരോ ബജറ്റിലും കോടികൾ നീക്കിവെക്കാറുണ്ട്. 2021- 22 മുതൽ 2024-25 വരെ അഴീക്കൽ തുറമുഖ വിസനം, ബേപ്പൂർ തുറമുഖ വികസനം, പൊന്നാനി തുറമുഖ വികസനം എന്നീ ശീർഷകങ്ങളിലായി ബജറ്റിൽ വകയിരുത്തിയ തുകയുടെ വിശദാംശങ്ങൾ ചുവടെ
2021-2022: 47.19 കോടി
2022-2023: 45.01 കോടി
2023-2024: 45. 50 കോടി
2024-2025: 44. 20 കോടി
ഈ വർഷത്തെ പദ്ധതികൾ
കപ്പൽ ചാലിന്റെ ആഴം അഴിമുഖം വരെ 4 മീറ്റർ സ്ഥിരമായി നിലനിറുത്തുന്ന പ്രവൃത്തി( 5 കോടി), എമിഗ്രേഷൻ ചെക് പോസ്റ്റുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തി ( 50 ലക്ഷം) വാച്ച് ടവർ നിർമ്മാണം( 20 ലക്ഷം) , ഐ.എസ്.പി.എസ്. കോഡുമായി ബന്ധപ്പെട്ട് റഡാർ സ്ഥാപിക്കൽ ( 30 ലക്ഷം) തുറമുഖ പരിധിയിലെ മാനുവൽ ഡ്രഡ്ജിംഗ് കടവുകളിലേക്ക് 16 കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് (8 ലക്ഷം)
ഭൂമി ഏറ്റെടുത്തു
തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. തുറമുഖത്തോട് ചേർന്നുള്ള നാല് ഏക്കർ 70 സെന്റ് സ്ഥലത്തിൽ ഏറ്റെടുക്കാൻ ബാക്കിയുള്ള 30 സെന്റ് കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതോടെയാണിത്. ജില്ലയുടെ തന്നെ പുരോഗതിയിൽ നാഴികക്കല്ലായി മാറുന്ന അഴീക്കൽ തുറമുഖ വികസനത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് ഇതിലൂടെ സാദ്ധ്യമായത്. ഭൂമി പൂർണ്ണമായി ഏറ്റെടുത്തതോടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സുപ്രധാന ഘട്ടം പൂർത്തിയായി. 2007ലാണ് തുറമുഖ വികസനത്തിനാവശ്യമായ നാല് ഏക്കർ 70 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. തുറമുഖ വികസനത്തിനാവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇതിൽ നാല് ഏക്കർ 40 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നേരത്തേ പൂർത്തിയായിരുന്നുവെങ്കിലും തുറമുഖത്തോട് ചേർന്നു കിടക്കുന്ന 30 സെന്റ് ഭൂമി വിട്ടുനൽകാൻ ഉടമകൾ വിസമ്മതിച്ചതിനെ തുടർന്ന് തുറമുഖ വികസനം തടസപ്പെടുകയായിരുന്നു.
ഐ.എസ്.പി.എസ് അംഗീകാരം
കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾക്ക് പിന്നാലെ അഴിക്കൽ തുറമുഖത്തിനും കഴിഞ്ഞ വർഷം ഐ.എസ്.പി.എസ് (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കപ്പലുകൾ അടുക്കുന്നതിനും തുറമുഖങ്ങൾക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അനുമതിയാണ് ഇന്റർനാഷണൽഷിപ്‌സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്. നേരത്തെ അഴീക്കൽ പോർട്ടിലേക്ക് വിദേശത്തുനിന്ന് ഉൾപ്പെടെ ചരക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി വേണ്ടിയിരുന്നു. ഐ.എസ്.പി.എസ് കോഡ് ലഭ്യമായതോടുകൂടി നേരിട്ട് തന്നെ അഴീക്കൽ പോർട്ടിലേക്ക് വിദേശ ചരക്കുകൾ കൊണ്ടുവരാൻ സാധിക്കും. 5 വർഷമാണ് അംഗീകാരത്തിന്റെ കാലാവധി. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നർ തുറമുഖം യാഥാർത്ഥ്യമാകുന്നതിനൊപ്പം സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ഐ.എസ്.പിഎസ് അംഗീകാരം നേടുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന ക്യാമറകൾ, തുറമുഖ അതിർത്തി കമ്പിവേലിയിൽ സുരക്ഷിതമാക്കൽ, സൂചന ബോർഡുകൾ, തകർന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കൽ തുടങ്ങി ഐ.എസ്.പി.എസ്. കോഡ് പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ ഈ തുറമുഖങ്ങളിൽ പൂർത്തിയാക്കിയിരുന്നു.
വരുമോ ആഡംബര ക്രൂസ് കപ്പൽ?
വിഴിഞ്ഞവും കണ്ണൂരിലെ അഴീക്കലും ബന്ധപ്പെടുത്തി ആഡംബര ക്രൂസ് കപ്പൽ സർവീസ് ആരംഭിക്കാനുള്ള നീക്കമുണ്ട്. വിഴിഞ്ഞത്തു നിന്നു തുടങ്ങി കൊല്ലം, കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പൽ അഴീക്കലെത്തുന്ന വിധത്തിലാണ് രൂപരേഖ. നിലവിൽ ഗോവയിലേക്കും മറ്റും ക്രൂസ് സർവീസ് നടത്തുന്ന കമ്പനിയാണ് കേരള തീരത്തേക്കും ശ്രദ്ധയൂന്നുന്നത്. 250 പേർക്ക് സഞ്ചരിക്കാനാവുന്ന ആഡംബര സൗകര്യങ്ങളുള്ള കപ്പലാണ് എത്തുക.