തൃക്കരിപ്പൂർ/ ചെറുവത്തൂർ: ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. മരങ്ങൾ വീണ് വീടുകളും വാഹനങ്ങളും നശിച്ചു. പലയിടങ്ങളിലുമായി വൈദ്യുതി ബന്ധം നിലച്ചു. തൃക്കരിപ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം വൈദ്യുതി തൂണുകളും ലൈനുകളും തകർന്നു. കൊയോങ്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ എ.ബാബുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ മാവ് മുറിഞ്ഞ് വീണ് കാർ പൂർണ്ണമായും തകർന്നു. തൊട്ടടുത്ത കണിച്ചുകുളങ്ങര ക്ഷേത്രം കെട്ടിടത്തിന്റെ കൂറ്റൻ മേൽക്കൂര പൂർണ്ണമായും അടുത്ത പറമ്പിലുള്ള വീട്ട് മുറ്റത്തേക്ക് പറന്നു വീണു. എടാട്ടുമ്മലിലെ വി.പത്മനാഭന്റെ വീടിന് മുകളിൽ പ്ലാവ് കടപുഴകി വീണ് ഭാഗികമായി തകർന്നു. എ.ശശിധരന്റെ 10 വാഴകൾ, തെങ്ങ്, ഫലവൃക്ഷങ്ങൾ നശിച്ചു. പൂച്ചോൽ, കാപ്പിൽ തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങൾ വീണ് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.
ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലയിലും കാറ്റും മഴയും നാശം വിതച്ചു. കാവുഞ്ചിറ നെല്ലിക്കാലിലെ എം.വി.കാർത്യായനിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. നെല്ലിക്കാലിലെ വി.വി.ചിരുത, എ.കണ്ണൻ, കാവുഞ്ചിറയിലെ ടി.ബാലകൃഷ്ണൻ എന്നിവരുടെ വീട്ടിനും തെങ്ങ് പൊട്ടി വീണ് കേടുപാടുകൾ സംഭവിച്ചു. കാടംകോടെ അജയന്റെ വീടിന്റെ ഓട് മേൽക്കൂര കാറ്റിൽ പറന്നുപോയി. ചെറുവത്തൂർ ഹാർബറിലും മരങ്ങൾ കടപുഴകി. ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡിലെ മുഴുവൻ ഇലക്ട്രിക്ക് പോസ്‌റ്റുകളും പൊട്ടി വീണ് ഗതാഗത തടസവും വൈദ്യുതി തടസവും അനുഭവപ്പെട്ടു.
റെയിൽവേ സ്‌റ്റേഷന് സമീപം നിർത്തിയിട്ട പടന്ന സ്വദേശിയുടെ ഓട്ടോറിക്ഷ മരം വീണ് തകർന്നു. ചെറുവത്തൂർ സാമൂഹ്യരോഗ്യ കേന്ദ്രത്തിന് മുകളിലേക്ക് തൊട്ടടുത്തുള്ള മരം പൊട്ടി വീണ് ജനലുകൾ, ഇരുമ്പ് മേൽക്കൂരകൾ എന്നിവ തകർന്നു. പടന്ന തെക്കേക്കാടിലെ കൊടിക്ക് കുഞ്ഞൂട്ടിയുടെ തൊഴുത്ത്, ഷീലയുടെ വീടിന് മുന്നിലെ ഇരുമ്പ് മേൽക്കൂര എന്നിവ തകർന്നു. ചീമേനി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. കെ.എസ്.ഇ.ബി കയ്യൂർ സെക്ഷൻ പരിധിയിലെ നാല് എച്ച്.ടി പോസ്‌റ്റുകൾ, 23 എൽ.ടി പോസ്‌റ്റുകൾ എന്നിവ പൊട്ടി വീണു. വെള്ളാട്ട് പ്രദേശത്ത് നിരവധി വീടുകൾ ഭാഗികമായി തകർന്നു.
കാർഷിക വിളകളും കാറ്റിൽ നശിച്ചു. വെള്ളാട്ട് അങ്കണവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇ.പി.രാഘവൻ, പി.പി.ശ്രീധരൻ, ടി.കണ്ണൻകുഞ്ഞി, ഇ.പി.കാരിച്ചി, പി.പി.ലളിത, ഇ.പി.കുമാരൻ, കെ.മഹേഷ് എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. ചീമേനി കരക്കാടെ പി.പി.യശോദ, വെളിച്ചംതോടിലെ സെബാസ്റ്റ്യൻ, പുക്കലിലെ പി.പി.സുജ, എ.ഗോവിന്ദൻ എന്നിവരുടെ വീടിന് മുകളിൽ മരങ്ങൾ പൊട്ടി വീണ് കേടുപാടുകൾ സംഭവിച്ചു. വെളിച്ചംതോടിലെ ആർ.കെ.രാമകൃഷ്‌ണൻ, ചീയേയി എന്നിവരുടെ പറമ്പിലെ മുഴുവൻ മരങ്ങളും കാറ്റിൽ കടപുഴകി. പുക്കലിലെ ബാലകൃഷ്ണന്റെ മുന്നോറോളം റബ്ബർ മരങ്ങളും നശിച്ചു. ഞണ്ടാടിയിലെ ദിലീപ് തങ്കച്ചന്റെ വീടിന് മുകളിലും മരം പൊട്ടി വീണു. തകർന്ന വീടുകൾ ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ, റവന്യൂവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.