പയ്യന്നൂർ: ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പയ്യന്നൂരും പരിസരങ്ങളിലും രാമന്തളി വില്ലേജിലും പലയിടത്തും വലിയ നാശനഷ്ടങ്ങളുണ്ടായി. നിർമ്മാണത്തിലിരിക്കുന്ന രാമന്തളി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്തെ മതിൽ തകർന്നു. പരുത്തിക്കാട് വി.പി. കല്യാണിയുടെ വീട്ടിന് മുകളിൽ മരം പൊട്ടി വീണ് ഭാഗികമായി തകർന്നു. രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ രാമന്തളി വടക്കുമ്പാട്ടെ
രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വടക്കുമ്പാട് കെ.സി.പാലത്തിനുസമീപത്തെ കെ.വി.പ്രസീതയുടെ തൊഴുത്തിന്റെ ഷീറ്റ് കൊണ്ട് നിർമ്മിച്ച മേൽക്കൂര പറന്ന് പോയി തൊട്ടടുത്തുള്ള ഓട് മേഞ്ഞ വീടിനുമുകളിൽ വീഴുകയായിരുന്നു.
തൊഴുത്തിൽ കന്നുകാലികൾ ഉണ്ടായിരുന്നുവെങ്കിലും മേൽക്കൂര ദൂരേക്ക് പറന്നതിനാൽ ദുരന്തം വഴിമാറി. ചൂളക്കടവിന് സമീപത്തെ സി.എം.സറീനയുടെ വീടിന്റെ സ്റ്റെയർ കെയ്സിനു മുകളിൽ ഷീറ്റു കൊണ്ടു നിർമ്മിച്ച മേൽക്കൂര തകർന്നു വീണു. എരമത്തെ പി.ഭവാനി, ഈച്ച കല്യാണി, മാതമംഗലത്തെ പഴേരി മഠത്തിൽ ഗണേശൻ എന്നിവരുടെ വീടിനും കെ.വി.ഗോപാലൻ, ടി.വി.മധുസൂദനൻ എന്നിവരുടെ ചുറ്റുമതിലിനും ഭാഗികമായ നഷ്ടം സംഭവിച്ചു. രാവിലെയുണ്ടായ കാറ്റിലും മഴയിലും കാങ്കോലിൽ സൈഫുദ്ദീൻ മാസ്റ്ററുടെ വീടിനുമുമ്പിലെ മാവ് കടപുഴകി വീണു. മാവ് വീടിന് തൊട്ടടുത്താണ് വീണത്. തലനാരിഴക്കാണ് വീടും വീട്ടുകാരും രക്ഷപ്പെട്ടത്.