നീലേശ്വരം: പുതുക്കൈ നരിക്കാട്ടറ,ചൂട്ടുവം, ആലിൻകീഴിൽ തുടങ്ങിയ മേഖലകളിൽ അതിശക്തമായ കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും പൊട്ടി വീണു. ചിറപ്പുറം ആലിങ്കീഴിൽ റോഡിൽ മരം പൊട്ടി വീണ് ഗതാഗത തടസ്സം ഉണ്ടായി. നാട്ടുകാർ അർദ്ധരാത്രിയിലും ശ്രമദാനം നടത്തി.
നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലായി ഭാഗങ്ങളിൽ വൻനാശം വിതച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു. ചാത്തമത്ത് എ.യു.പി സ്‌കൂളിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായി. പി അമ്പു, എ.കെ.സുശീല, സി.കെ.ബാലൻ, സി.കെ.രവി, പ്രേമസുധ എന്നിവരുടെ വീടുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു.
പാലായി കരപ്പാത്ത് തുടങ്ങിയ ഭാഗങ്ങളിലും നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. അനന്തംപള്ള കൊട്രച്ചാൽ പ്രദേശങ്ങളിൽ കാറ്റിൽ നിരവധി വീടുകളുടെ മേൽ മരങ്ങൾ പൊട്ടിവീണു. വൈദ്യുതി ബന്ധം നിശ്ചലമായി. അനന്തംപള്ളയിലെ നാരായണി, രാജൻ, വിനു, പപ്പൻ എന്നിവരുടെ വീടുകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായി. കൊട്രച്ചാൽ കൊടുങ്ങല്ലൂരമ്മ ദേവീക്ഷേത്രത്തിന്റെയും തമ്പായി, ശാരദ, കണ്ടത്തിൽ രാമൻ എന്നിവരുടെ വീടുകളുടെ മേൽകൂരകളും മതിലുകളും തകർന്നു.
നീലേശ്വരം നഗരസഭയിലെ കണിച്ചിറയിൽ പ്രദീപൻ, വിശാലൻ,ചന്ദ്രൻ, മണി, എൻ.എൻ.ഷരീഫ, പീടികയിൽ കരുണാകരൻ തുടങ്ങിയവരുടെ വീടുകൾക്കു മേലും തെങ്ങുകളും പൊട്ടിവീണ് കേടുപാടുകൾ സംഭവിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി മുഹമ്മദ് റാഫി, കൃഷി ഓഫീസർ വേദിക, സ്റ്റാൻഡിംഗ് കൗൺസിൽ ചെയർപേഴ്സൺ വി.ഗൗരി, കൗൺസിലർ കെ.പ്രീത, നീലേശ്വരം വില്ലേജ് ഓഫീസർ കെ.വി ബിജു, സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സതീശൻ, അജേഷ് തുടങ്ങിയവർ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് എ.നാരായണന്റെ തെങ്ങ്, പ്ലാവ്, മഹാഗണി എന്നിവ കാറ്റിൽ നശിച്ചു. തൊട്ടടുത്ത വിത്സന്റെ വീടിന് മുകളിൽ മരം പൊട്ടിവീണു കേടുപാടുകൾ സംഭവിച്ചു.