നീലേശ്വരം : ബീവറേജസ് കോർപ്പറേഷന്റെ നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ഔട്ട്ലെറ്റിൽ കവർച്ച. ഓഫീസ് മുറിയിൽ കെട്ടിവച്ച ഇരുപതിനായിരം രൂപയുടെ നാണയങ്ങൾ മോഷണം പോയി. മദ്യക്കുപ്പികൾ ഉൾപ്പെടെ മോഷണം പോയിട്ടുണ്ടോയെന്ന് സ്റ്റോക്ക് പരിശോധിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂ.

ഔട്ട്ലെറ്റിലെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത് നിലയിലാണ്. രണ്ട് ഡി.വി.ആറുകളിൽ ഒന്ന് മോഷണം പോയി.ഇന്നലെ രാവിലെ സ്വീപ്പർ എത്തിയപ്പോഴാണ് സ്റ്റെപ്പിനടുത്ത് കമ്പിപാര കണ്ടത്.തുടർന്നു പരിശോധിച്ചപ്പോൾ പൂട്ടുകളും സിസി ക്യാമറകളും തകർത്തതായും കണ്ടു. വിവരമറിഞ്ഞ് മാനേജർ മനോജ് കുമാർ നീലേശ്വരം പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. എസ് ഐ മാരായ വിഷ്ണുപ്രസാദ്, , രതീഷ്,മധുസൂദനൻ മടിക്കൈ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുന്നതിനായി ഇന്നലെ ഔട്ട് ലെറ്റ് അടച്ചിട്ട് സ്റ്റോക്ക് പരിശോധിച്ചു.