ഇരിട്ടി: അപകടകരമായ നിലയിൽ റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിനെത്തുടർന്ന് മരങ്ങൾ മുറിച്ചുമാറ്റാൻ സ്ഥലത്തെത്തിയ കരാറുകാരനും തൊഴിലാളികളും വൈദ്യുതിവകുപ്പ് ജീവനക്കാരുടെ നിഷേധാത്മക നിലപാടിനെത്തുർന്ന് തിരിച്ചുപോയി. സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈൻ ഓഫാക്കിത്തരാമെന്ന് പറഞ്ഞതല്ലാതെ അഴിച്ചു മാറ്റിക്കൊടുക്കാതിരുന്നതാണ് പ്രശ്നത്തിനിടയാക്കിയത്. ജെ സി ബി അടക്കമുള്ള സംവിധാനങ്ങളോടെ എത്തിയ കരാറുകാരൻ ലൈൻ അഴിച്ചു മാറ്റിത്തരാതെ മുറിച്ചു മാറ്റേണ്ട രണ്ട് കൂറ്റൻ മരങ്ങളും മുറിക്കാനാവില്ലെന്നു പറഞ്ഞു.
സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ എ.കെ. ഷൈജുവും സമീപവാസികളും കെ.എസ്.ഇ.ബി ജീവനക്കാരോട് ഈ ആവശ്യം ഉന്നയിച്ചിട്ടും വഴങ്ങിയില്ല. ഇതോടെ ഇവർക്കുനേരെ തട്ടിക്കയറിയ ജീവനക്കാരെ ഇവർ ഇവിടെ ഏറെനേരം തടഞ്ഞു വെച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് മരങ്ങൾ മുറിച്ചുനീക്കാനായി കളക്ടർക്ക് പരാതി സമർപ്പിച്ച എം.എൽ.എ സണ്ണി ജോസഫിനെ വിവരമറിയിച്ചെങ്കിലും ഏറെ നേരം വൈകിയതിനെത്തുടർന്ന് മരം മുറിക്കാനെത്തിയ കരാറുകാരൻ തൊഴിലാളികളെയും കൂട്ടി തിരിച്ചുപോയി.
പുന്നാട് കാക്കയങ്ങാട് റോഡിൽ മീത്തലെ പുന്നാടാണ് രണ്ട് കൂറ്റൻ മരങ്ങൾ ഏതു നേരവും മറിഞ്ഞു വീഴാവുന്ന തരത്തിൽ നില്കുന്നത്. ഇതിന് സമീപത്തെ രണ്ടു മരങ്ങൾ ഏതാനും ദിവസം മുൻപ് റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രികരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. മരങ്ങൾ നിൽക്കുന്ന റോഡിന്റെ വശങ്ങൾ ഉറവയും വെള്ളക്കെട്ടും നിറഞ്ഞ പ്രദേശമാണ്. അതിനാൽത്തന്നെ ഇത്തരം കൂറ്റൻ മരങ്ങൾ ചെറിയൊരു കാറ്റുണ്ടായാൽപോലും മറിഞ്ഞു വീണ് അപകടമുടക്കാവുന്ന അവസ്ഥയിലാണ്.