ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചയോടെ ഉണ്ടായ ശക്തമായ മഴയിലും മിന്നൽ ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. നുച്യാട് വില്ലേജിൽ 16 വീടുകളും വയത്തൂർ വില്ലേജിൽ 11 വീടുകളും ഭാഗികമായി തകർന്നു. ഏക്കർ കണക്കിന് റബ്ബർ, കശുമാവ്, വാഴ തുടങ്ങിയ കാർഷിക വിളകളും നശിച്ചു.
നുച്യാട് വില്ലേജിലെ തേർമല, പരിക്കളം, കോടാറമ്പ്, പൊയ്യൂർക്കരി മേഖലയിലാണ് വൻ നാശനഷ്ട മുണ്ടായത്. രാത്രി ഒരുമണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ മരങ്ങൾ പൊട്ടിവീണും മറിഞ്ഞുവീണും 16 വീടുകൾ ഭാഗികമായി തകർന്നു. തേർമല പള്ളിയുടേതടക്കം നിരവധി റബർതോട്ടങ്ങൾ നശിച്ചു. മേഖലയിലെ നിരവധി കർഷകരുടെ ഏക്കർകണക്കിന് കശുമാവുകളും വാഴയും നശിച്ചു.
വയത്തൂർ വില്ലേജിലെ അറബി, കൊച്ചു മട്ടിണി, ചപ്പുംകരി, പേരട്ട, ശാന്തിഗിരി മേഖലകളിലായി 11 വീടുകൾ നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. മേഖലയിലെ നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ വൈദ്യുതി ബന്ധം പാടേ തകർന്നു. പയ്യാവൂർ ഉളിക്കൽ റോഡിൽ ചമതച്ചാലിൽ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്നിശമനസേനയെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഉളിക്കൽ മേഖലയിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, വില്ലേജ്, കൃഷി വകുപ്പ് അധികൃതർ സന്ദർശിച്ചു.