അഴീക്കോട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത 66 ആറ് വരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ പൂതപ്പാറ മൈലാടത്തടം കീരിയാട് കാട്ടാമ്പള്ളി റോഡ് ( കളരിവാതുക്കൽ റോഡ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എൻ.എച്ച് നവീകരണ പ്രവർത്തനങ്ങൾ ഡിസംബർ 2025 ന് മുമ്പ് പൂർത്തികരിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഏകോപനത്തിന്റെയും ജനങ്ങളുടെ പൂർണ്ണ സഹകരണത്തിന്റെയും ഫലമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു
കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റോഡ് വികസനത്തിന് സ്ഥലം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ചിറക്കൽ കോവിലകം വലിയ രാജ ശ്രീരാമവർമ്മ രാജ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.ടി.സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ഷമീമ, പി.ശ്രുതി, കെ.അജീഷ്, വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സി ജംഷീറ തുടങ്ങിയവർ സംസാരിച്ചു.
പിലാത്തറ:
തോട്ടംകടവ് പാലം നരീക്കാംവള്ളി റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.