കണ്ണൂർ:ജില്ലയിൽ ഗ്രാമ നഗര ഭേദമില്ലാതെ തെരുവുനായ ശല്യം വീണ്ടും രൂക്ഷമായി. തെരുവുനായ ആക്രമണം നടക്കാത്ത ഒറ്രദിവസം പോലുമില്ല.ശ്രീകണ്ഠാപുരം ,പഴയങ്ങാടി ഭാഗങ്ങളിൽ രണ്ട് കുട്ടികൾക്ക് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കൂട്ടത്തോടെ വിഹരിക്കുന്ന നായകൾ വിദ്യാർത്ഥികൾക്കാണ് കൂടുതലും ഭീഷണി സൃഷ്ടിക്കുന്നത്.സ്കൂളിലേക്കുള്ള കുട്ടികളുടെ പോക്കുംവരവും ജീവൻ പണയപ്പെടുത്തിയാണ്.മറ്റ് കാൽനടയാത്രക്കാരും പ്രഭാതസവാരിക്കാരുമെല്ലാം ഓരോ ദിവസവും ഇരകളാകുകയാണ്.
തെരുവുനായ പ്രശ്നത്തിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും കാര്യക്ഷമമല്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.തെരുവുനായശല്യം പരിഹരിക്കാൻ ശക്തമായ നടപടിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുന്നുണ്ടെങ്കിലും നിയമ പരമായ തടസങ്ങൾ ഉയർന്നുവന്നു.അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള നടപടിയിലും ഒട്ടേറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്.അഭയകേന്ദ്രങ്ങളും അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിൽ പ്രാദേശികതല എതിർപ്പുകളും പ്രതിസന്ധി സൃഷ്ടിക്കുന്നു.
തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ ആവശ്യമായ സഹായം ചെയ്യാമെന്ന് ചില മൃഗസനേഹികളോട് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ആരും താൽപ്പര്യം കാണിച്ചില്ലെന്നും ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞു.നിലവിൽ പടിയൂർ എ.ബി.സി സെന്ററിലെ 50 കൂടുകളിലും തെരുവുനായകളെ പാർപ്പിച്ചിട്ടുണ്ട്.മുഴപ്പിലങ്ങാട് വീട് വാടകയ്ക്കെടുത്ത് നായകളെ പാർപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്.
കേന്ദ്ര നിയമ ഭേദഗതി അനിവാര്യം
എ.ബി.സി ആക്ട് 2001 നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആനിമൽ ഹസ്ബന്ററി വകുപ്പിനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കത്തയച്ചിരുന്നു. എന്നാൽ കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം തെരുവുനായകളെ നിയന്ത്രിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട് . പ്രായോഗികത കണക്കിലെടുത്ത് അനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി) റൂൾസ് 2001 ഭേദഗതി ചെയ്താൽ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാൻ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ വ്യവസ്ഥകളോടെ അനുമതി നൽകണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിക്കുകയായിരുന്നു.
നഗരം കൈയടക്കി തെരുവുനായകൾ
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് കാൾടെക്സ് ,രജിസ്ട്രാർ ഒാഫീസ് പരിസരം,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
പുതിയ ബസ് സ്റ്റാൻഡ് ,പൊലീസ് മൈതാനം പരിസരം,റെയിൽവേ സ്റ്റേഷൻ എന്നിങ്ങളെ കണ്ണൂർ നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിലെല്ലാം തെരുവുനായകൾ വിഹരിക്കുകയാണ്. മറ്റിടങ്ങളിലും.ബസ് സ്റ്റാൻഡും ബസ് ഷെൽട്ടറുകളുമെല്ലാം നായക്കൂട്ടം താവളമാക്കിയിരിക്കുകയാണ്.