കാസർകോട്: ട്രെയിൻ നമ്പർ 06031/06032 ഷൊർണൂർ ജംഗ്ഷൻ കണ്ണൂർ ഷൊർണൂർ ജംഗ്ഷൻ അൺ റിസർവ്ഡ് പാസഞ്ചർ സ്‌പെഷലുകൾ ഒക്ടോബർ 30 വരെ നീട്ടി റെയിൽവേ. അഭ്യർത്ഥനപ്രകാരം പയ്യോളി സ്റ്റേഷനിൽ അധിക സ്റ്റോപ്പേജ് നൽകിയെങ്കിലും നരകതുല്യമായ യാത്രാദുരിതം നേരിടുന്ന കണ്ണൂരിന് വടക്കുള്ള ഭാഗത്തേക്ക് സർവീസ് നീട്ടണമെന്ന ആവശ്യം റെയൽവേ ചെവിക്കൊണ്ടില്ല.
വൈകുന്നേരങ്ങളിലെ ട്രെയിൻ യാത്ര ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കാൻ ഈ ട്രെയിൻ കാസർകോട് വരെയോ മംഗളുരു വരെയോ നീട്ടണമെന്ന് യാത്രക്കാരും വിവിധ സംഘടനകളും ജനപ്രതിനിധികളും അതിശക്തമായി തന്നെ ആവശ്യപ്പെട്ടതാണ്. നേരത്തെ ജൂലായ് രണ്ടിന് സർവീസ് തുടങ്ങിയ ഈ ട്രെയിൻ ആഗസ്ത് ഒന്നുവരെയായിരുന്നു അനുവദിക്കപ്പെട്ടത്. എന്നാൽ തിരക്ക് പരിഗണിച്ച് മൂന്ന് മാസം കൂടി സർവ്വീസ് നീട്ടി. തിരുവനന്തപുരം മുംബൈ നേത്രാവതി എക്സ്പ്രസിലെ തിരക്ക് കുറയുകയും മികച്ച വരുമാനം കിട്ടുകയും ചെയ്തത് കണക്കിലെടുത്താണ് വീണ്ടും നീട്ടിയത്.
വകുപ്പുമന്ത്രിയെ കണ്ടിട്ടും കനിവില്ല
വണ്ടി കാസർകോട് വരെ നീട്ടണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും കാസർകോട് പാസഞ്ചേഴ്സ് അസോസിയേഷനും ട്രെയിൻ സ്ഥിരമായി ഓടിക്കണമെന്ന് ഡോ.ശിവദാസൻ എം.പിയും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടതാണ്. എന്നാൽ ഈ ആവശ്യങ്ങളിലൊന്നും റെയിൽവേ അനുഭാവം കാട്ടിയില്ല.
സമയക്രമം(ആഗസ്ത് 01 മുതൽ ഒക്ടോബർ 30 വരെ)
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 15.40ന് ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് 19.40 മണിക്ക് കണ്ണൂരിൽ
ആഗസ്റ്റ് 02 മുതൽ ഒക്ടോബർ 31 വരെ ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരും.