പേരാവൂർ: പേരാവൂർ തിരുവോണപ്പുറത്ത് വൈദ്യുത തൂൺ ബസിനും ബൈക്കിനും മുകളിലേക്ക് വീണു.ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. പേരാവൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻഭാഗത്തായാണ് വൈദ്യുത തൂൺ പൊട്ടിവീണത്.
കാറ്റിൽ മരം വീണ് താഴ്ന്നുകിടന്നിരുന്ന വൈദ്യുത ലൈനിലേക്ക് ബസ് തട്ടി വൈദ്യുതപോസ്റ്റ് ഉൾപ്പെടെ ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. ബസിന് പിന്നാലെ വന്ന ബൈക്കിന് മുകളിലേക്കും വൈദ്യുത തൂൺ വീണു. ബൈക്ക് യാത്രികരായ കോടഞ്ചാലിലെ മനോജ്, ഇനാഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് റോഡിലേക്ക് വീണതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.