സ്കൂൾ മതിലിൽ മരം വീണു
ഉദുമ : ഉദുമയിലും കൊക്കാലിലും ഇന്നലെ ഉച്ചയോടെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. ഉച്ചക്ക് ഒരു മണിക്ക് കൊക്കാലിലും 1.15 ന് ഉദുമയിലും രണ്ട് തവണയാണ് ചുഴലിക്കാറ്റ് ഉണ്ടായത്.ഉദുമ ജി. എച്ച്. എസ് എസിൽ സ്കൂൾ മതിലിന് മുകളിൽ മരം വീണു. വർഷങ്ങൾ പഴക്കമുള്ള തേക്കുമരം സ്കൂൾ മതിൽ തകർത്ത് തൊട്ടടുത്തുള്ള റോഡിൽ പതിച്ചു. മറ്റ് മരങ്ങളും കടപുഴകി . തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂരയ്ക്ക് ഭാഗികമായ കേടുപാടുണ്ടായി.
സ്കൂൾ വിദ്യാർത്ഥികളും ജീവനക്കാരും ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതുവഴി കടന്നുപോയ വാഹനങ്ങളും അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉദുമ കൊക്കാലിൽ മരങ്ങൾ മുറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു.ഇവിടെ വൈദ്യുതി വിതരണം താറുമാറായി. ഇലക്ട്രിക് പോസ്റ്റുകളും കമ്പികളും പൊട്ടി വീണു. തെങ്ങ്, പ്ലാവ് എന്നിവ കടപുഴകി. കാർഷിക വിളകൾ വ്യാപകമായി നശിച്ചു. മങ്കത്തിൽ ബാലന്റെ വീടിന് തെങ്ങ് വീണ് നാശം സംഭവിച്ചു. മുത്തു ആചാരിയുടെ കാർ പോർച്ച് പ്ലാവ് മരംവീണ് തകർന്നു. കറുവന്റെ പീടികയ്ക്ക് സമീപമാണ് റോഡിലേക്ക് മരം വീണത്. റോഡ് തടസം നാട്ടുകാർ ഒഴിവാക്കിയെങ്കിലും വൈദ്യുതി വിതരണം പുന:സ്ഥാപിച്ചിട്ടില്ല. ഉദുമ പടിഞ്ഞാർ താജ് മൻസിലിൽ ഹസ്സന്റെ വീടിന് മുകളിൽ തെ തെങ്ങു വീണു മേൽക്കൂര തകർന്നു.