sruthi-

കാസർകോട്: ഐ.എസ്.ആർ.ഒ, ഇൻകംടാക്സ് , ഐ.എ.എസ് ഉദ്യോഗസ്ഥ ചമഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ കുടുക്കിയ യുവതി പിടിയിൽ. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാണ്(42) പിടിയിലായത്. ജിമ്മിൽ വച്ചു പരിചയപ്പെട്ട പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് ഒരു പവന്റെ മാലയും ഒരു ലക്ഷം രൂപയും തട്ടിയ കേസിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്‌ജിൽ വച്ച് പിടിയിലായതെന്നാണ് വിവരം.

പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ശ്രുതി ഒളിവിൽ പോയത്. ഇൻസ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതി ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടി. പകരമായി നൽകിയ ചെക്ക് ബാങ്കിൽ പണത്തിനായി ഹാജരാക്കിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകാനും ശ്രമിച്ചിരുന്നു.ഈ പരാതി കോടതി തള്ളുകയായിരുന്നു.വ്യാജരേഖകൾ നിർമ്മിച്ചതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്

ഐ.എസ്.ആർ.ഒയുടെ പേരിൽ ആദ്യ തട്ടിപ്പ്

ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ആദ്യത്തെ തട്ടിപ്പ്. വ്യാജമായ രേഖകളും ഇതിനായി ഇവർ നിർമ്മിച്ചിരുന്നു. ശ്രുതിക്കെതിരെ കാസർകോട് ടൗൺ, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂർ ടൗൺ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാർഥിനിയെന്ന പേരിൽ വിവിധ ജില്ലകളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പിടിയിലായ ശ്രുതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. കാസർകോട് സ്വദേശിയായ യുവാവിനെ മംഗ്‌ളൂരുവിൽ പീഡന കേസ് നൽകി ജയിലിൽ അടപ്പിച്ചതോടെയാണ് യുവതിയുടെ ഓരോ തട്ടിപ്പുകളും പുറത്തു വരാൻ തുടങ്ങിയത്. കബളിപ്പിക്കലിനിരയായിട്ടും അപമാനം ഭയന്ന് പരാതി നൽാകാതെ മാറിനിൽക്കുന്ന നിരവധി പേർ വേറെയുമുണ്ടെന്നാണ് വിവരം.