കണ്ണൂർ: ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആഗസ്റ്റ് 15നകം രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ വാസ്തുവിദ്യ ഗുരുകുലത്തെ ചുമതലപ്പെടുത്തി. കെ.വി സുമേഷ് എം.എൽ.എ, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടർ എൻ.മായ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ചിറക്കൽ കോവിലകം ട്രസ്റ്റിയുമായി ചർച്ച നടത്തി രൂപരേഖ അന്തിമമാക്കി തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഓപ്പൺ ഓഡിറ്റോറിയം, വൃന്ദാവനം, മുഴുവൻ സമയവും കൃഷ്ണഗാഥ ശ്രവിക്കാവുന്ന ശബ്ദസംവിധാനം, കൃഷ്ണഗാഥയുടെയും ചെറുശ്ശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയം എന്നിവയാണ് ചെറുശ്ശേരി മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കാൻ ഉദ്ദേശിക്കുന്നത്. ടി.പത്മനാഭൻ ഉൾപ്പെടെയുള്ള പ്രഗൽഭരുടെ നിർദേശത്തെ തുടർന്ന് കെ.വി സുമേഷ് എം.എൽ.എ മുൻകൈയെടുത്താണ് മ്യൂസിയത്തിനുള്ള പ്രൊപ്പോസൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാർ പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു.
യോഗത്തിൽ എ.ഡി.എം കെ.നവീൻബാബു, ഡെപ്യൂട്ടി കളക്ടർ സിറോഷ് പി ജോൺ, ചിറക്കൽ കോവിലകം വലിയ രാജ സി.കെ രാമവർമ രാജ, സുരേഷ് വർമ്മ, സാംസ്‌ക്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനി കെ. തോമസ്, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, തഹസിൽദാർ പി.പ്രമോദ്, ഫോക് ലോർ അക്കാഡമി സെക്രട്ടറി എ.വി.അജയകുമാർ, വാസ്തു വിദ്യാ ഗുരുകുലം സ്ഥപതി എ.ബി.ശിവൻ തുടങ്ങിയവരും സംബന്ധിച്ചു. സ്മാരകം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലവും സംഘം പരിശോധിച്ചു.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പുതിയ തലമുറക്ക് ചെറുശ്ശേരിയുടെ സാഹിത്യ, സാംസ്‌ക്കാരിക പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാൻ ഉതകുന്ന രീതിയിലുള്ളതാകണം സ്മാരകം എന്ന ആശയം ഉൾക്കൊണ്ടാണ് നിർമ്മാണം ഉദ്ദേശിക്കുന്നത്. ക്ഷേത്രം പൈതൃക സംരക്ഷണ പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനുള്ള ഇടപെടലും നടത്തിവരികയാണ്.
കെ.വി.സുമേഷ് എം.എൽ.എ
തീർത്ഥാടന ടൂറിസത്തിന്റെ
സാദ്ധ്യതകളും ചേരും
ക്ഷേത്ര നഗരിയായ ചിറക്കലിന്റെ തീർത്ഥാടന ടൂറിസത്തിന്റെ സാദ്ധ്യതകൾ കൂടി ഉൾച്ചേർത്തായിരിക്കും പദ്ധതി നടപ്പിലാക്കുക. മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ കിഴക്കേക്കര മതിലകം ക്ഷേത്രത്തിന് 1200 വർഷത്തിലേറെ പഴക്കമുണ്ട്. പഴക്കം ചെന്ന ആരൂഢവും ഗോപുരവും 1500 ലേറെ പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന ഊട്ടുപുരയും എല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. കോലത്തു നാട്ടിലെ ഇളയവർമ്മ രാജാവിന്റെ കൊട്ടാരകവിയായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണന്റെ ജനനം മുതൽ കംസ വധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ അതിമനോഹരമായ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്.