ഇന്ന് ലോക ഹെപ്പറ്റൈറ്രീസ് ദിനം
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു.കഴിഞ്ഞ വർഷം ജൂൺ വരെയുള്ള ആദ്യ ആറുമാസം പത്തുപേർക്ക് രോഗം ബാധിച്ചിടത്ത് ഇക്കുറി 250 പേർക്കാണ് രോഗം പകർന്നത്. കഴിഞ്ഞ വർഷം ആകെ 70 പേർക്കാണ് രോഗം ബാധിച്ചത്.ഈ വർഷം ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
ഏറ്റവുമൊടുവിൽ ആറളം ഗവ .ഹയർസെക്കൻഡറി സ്കൂളിലെ പത്ത് വിദ്യാർത്ഥികൾക്കും രണ്ട് അദ്ധ്യാപകർക്കും മഞ്ഞപ്പിത്തം ബാധിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്.ഒരാഴ്ച്ച മുൻപ് രണ്ട് വിദ്യാർത്ഥികളിൽ രോഗലക്ഷണം ഉണ്ടായി.പിന്നീട് രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചു.പ്രദേശത്ത് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് അധികൃതർ സ്കൂൾ കിണറിലെയും സമീപത്തെ ഹോട്ടലുകളിലെയും വീടുകളിലെയും കുടിവെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.പ്രദേശത്ത് ക്ലോറിനേഷനും നടത്തി. ഇവിടെ പൊതു ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച നിരവധി പേർക്ക് രോഗബാധയുണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.
മഞ്ഞപ്പിത്തം
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്.ഗുരുതരമായാൽ തലച്ചോറിനെയോ കരളിനെയോ ബാധിച്ച് മരണത്തിന് വരെ കാരണമാകാം. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസ് അണുബാധയാണ് .വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട വൈറസ് അണുബാധയാണ് പ്രധാനമായും നമ്മുടെ നാട്ടിൽ കാണുന്നത്.ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്.
ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറ് വേദന, മൂത്രത്തിലെ നിറം മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
രോഗം വന്നാൽ
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
പഴങ്ങളും, പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം.
അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കണം
തണുത്തതും തുറന്ന് വെച്ചതുമായ ആഹാരം ഒഴിവാക്കണം
ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകണം.
രോഗ പ്രതിരോധം ഇങ്ങനെ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം
കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
ശീതള പാനീയങ്ങൾ, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധജലത്തിൽ തയ്യാറാക്കണം
കുടിവെള്ള സ്രോതസ്സുകളിലും, കിണറുകളിലും ക്‌ളോറിനേഷൻ നടത്തണം
കിണർ വെള്ളം മലിനപ്പെടാനുള്ള സാദ്ധ്യത ഒഴിവാക്കണം.
മാലിന്യങ്ങൾ ഒഴിവാക്കി ഈച്ച പെരുകുന്നത് തടയണം.