പയ്യന്നൂർ: മതിയായ രേഖകളില്ലാത്ത 45,86,800 രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളെ പയ്യന്നൂർ പൊലീസും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് പുറത്ത് ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പണവുമായി ട്രെയിനിൽ നിന്നും ഇറങ്ങിയ രത്നഗിരി സ്വദേശികളായ സത്യവാൻ (19) , ആദർശ് (19) എന്നിവരെയും ഇവരെ സ്വീകരിക്കാൻ സ്റ്റേഷനിലെത്തിയിരുന്ന ശിവാജി (38)യെയുമാണ് പൊലീസ് പിടി കൂടിയത്.
രണ്ട് ബാഗുകളുമായി സ്റ്റേഷന് പുറത്തെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് പണം കണ്ടെത്തിയതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ സി സനീത് പറഞ്ഞു. ബാഗിന്റെ ഉള്ളിൽ നിരവധി അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.അഞ്ഞൂറിന്റെ 200 നോട്ടുകളടങ്ങിയ ഒരു ലക്ഷത്തിന്റെ 45 കെട്ടുകളും ബാക്കി ഇരുന്നൂറ്,നൂറ് രൂപയുടെ കെട്ടുകളുമായാണ് ബാഗിൽ ഉണ്ടായിരുന്നത്. എസ്.ഐ സി.സനീഷിനെ കൂടാതെ എസ്.ഐ.സുരേഷ്, എ.എസ്.ഐ, പവിത്രൻ, സി.പി.ഒ, അഭിസിനാൻ , എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ വിനീഷ് , രാഗേഷ് എന്നിവരുമാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
ശിവാജി 20 വർഷമായി പയ്യന്നൂരിൽ
ശിവാജിക്ക് കൈമാറുവാനാണ് പണം കൊണ്ട് വന്നതെന്ന് സത്യവാനും ആദർശും പറഞ്ഞതായി എസ്.ഐ. പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ ശിവാജി കഴിഞ്ഞ ഇരുപത് വർഷമായി കുടുംബ സമേതം പയ്യന്നൂരിലാണ് താമസം. ടൗണിൽ പഴയ ബസ് സ്റ്റാൻഡിനടുത്ത് പഴയ സ്വർണ്ണം വാങ്ങുന്ന സ്ഥാപനം നടത്തി വരികയാണ്. പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ എൻഫോഴ്സ് മെന്റ് വിഭാഗത്തിന് കൈമാറുമെന്ന് എസ്.ഐ. സനീഷ് പറഞ്ഞു.