j

പാണത്തൂർ: പനത്തടി താന്നിക്കാലിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ ഒറ്റയാനാണ് താന്നിക്കൽ രാഘവൻ, എം.രാജേഷ് തുടങ്ങിയവരുടെ കൃഷിയിടത്തിൽ വ്യാപകനാശം വരുത്തിയത്. കഴിഞ്ഞ ദിവസവും ഇവിടെ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

മരുതോം സെക്ഷൻ പരിധിൽപെട്ട പ്രദേശംപനത്തടി സെക്ഷൻ പരിധിയെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയൊഴിയുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. തങ്ങളുടെ പരിധിയിൽ അല്ലെന്ന് പനത്തടി സെക്ഷൻ അധികൃതരും പറയുന്നു. പ്രദേശത്ത് ഫെൻസിംഗ് സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് മുഖം തിരിക്കുകയാണെന്നും ഇവിടുത്തുകാർ പറയുന്നു. തൊട്ടുചേർന്നുള്ള പെരുതടി, പുളിംകൊച്ചി, ചെമ്പൻ വയൽഎന്നീ പ്രദേശങ്ങളിലും ഫെൻസിംഗ് സ്ഥാപിച്ചാൽ മാത്രമേ ആന ശല്യത്തിന് ശാശ്വത പരിഹാരം ആകുകയുള്ളുവെന്നാണ് ഇവർ പറയുന്നത്. ഇതെ സമയം ഇതെയിടത്ത് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ മൂന്നുകിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗിന് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ താല്പര്യം കാണിക്കുന്നുവെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.