yogam

എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെയും യോഗം

കാഞ്ഞങ്ങാട്: മലയോരമേഖലയിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധമൊരുക്കുന്നതിനായി ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും യോഗം ചേർന്നു.കാഞ്ഞങ്ങാട് ഗവ.ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വന്യമൃഗശല്യം രൂക്ഷമായ പനത്തടി,​ബളാൽ പഞ്ചായത്തുകളുടെ പ്രതിനിധികളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി പ്രവർത്തകരുമാണ് പങ്കെടുത്തത്.

പ്രശ്നബാധിത മേഖലകളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്നും സോളാർ വേലികളുടെ തകരാറുകൾ പരിഹരിക്കുമെന്നും യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ രാഹുൽ തുടങ്ങിയവരാണ് വനംവകുപ്പിൽ നിന്നും യോഗത്തിൽ പങ്കെടുത്തത്.

സഹകരണം തേടി വനംവകുപ്പ്

വർദ്ധിച്ചുവരുന്ന വന്യമൃഗശല്യം ഇല്ലാതാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം യോഗത്തിൽ വനംവകുപ്പ് ആവശ്യപ്പെട്ടു.കേരളകർണ്ണാടക അതിർത്തി പ്രദേശമായതിനാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കും. റാണിപുരം ഭാഗത്തെ കാടുമുടി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദ്ദേശം നൽകും. വി.എസ്.എസുകൾ മുഖാന്തിരം കാടിനോടടുത്ത ആന ഇറങ്ങുന്ന കൃഷിയിടങ്ങളിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി.

മറ്റ് തീരുമാനങ്ങൾ

നാട്ടുകാരുടെ സഹകരണത്തോടെ വേലികൾ സംരക്ഷിക്കും

പനത്തടി ബേസ് ചെയ്ത് താൽക്കാലിക ആർ.ആർ.ടി രൂപീകരിക്കും

 ആന ഇറങ്ങുന്ന പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും

പുതിയ ട്രെഞ്ചുകൾ നിർമ്മിക്കും

 മണ്ണ് മൂടി കിടക്കുന്ന ട്രഞ്ചുകൾ പഴയരീതിയിലാക്കും