sruthi

കാസർകോട്: ഇൻസ്റ്റാഗ്രാമിൽ കൂടി പരിചയപ്പെട്ട് പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് ഒരു പവൻ സ്വർണ്ണമാലയും ഒരു ലക്ഷം രൂപയും തട്ടിയ കേസിൽ ഉഡുപ്പിയിൽ നിന്ന് അറസ്റ്റിലായ ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശഖരനെ(35) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.തന്റെ രണ്ടു മക്കളുമായി ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് യുവതിയെ മേൽപറമ്പ് ഇൻസ്‌പെക്ടർ കെ. സന്തോഷ് കുമാറും സംഘവുമാണ് കസ്റ്റഡിയിൽ എടുത്തത്.

പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ ഇന്നലെ രാവിലെ വിളിച്ചുവരുത്തിയ പരാതിക്കാരനായ യുവാവ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കിയത്. കൂടെ ഉണ്ടായിരുന്ന മക്കളെ പൊലീസ് യുവതിയുടെ മാതാവിന്റെ വീട്ടിൽ എത്തിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിന് യുവതി മുൻ‌കൂർജാമ്യഹരജി നൽകിയെങ്കിലും ജില്ലാകോടതി നിരസിച്ചു. സ്വർണ്ണവും പണവും തിരികെ ആവശ്യപ്പെട്ടപ്പോൾ പീഡന കേസിൽപ്പെടുത്തുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയെന്നും യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. യുവതി വ്യാജമായി ഉണ്ടാക്കിയ തിരിച്ചറിയൽ കാർഡുകളും ഡോക്ടറുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് തെളിയിക്കാനുണ്ടാക്കിയ വ്യാജ വിവാഹ ക്ഷണക്കത്തും പരാതിക്കാരന്റെ അഭിഭാഷകൻ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയിരുന്നു.

വലയിലാക്കിയത് നിരവധി പേരെ:

തട്ടിയത് ലക്ഷങ്ങൾ

യുവതിയുടെ തട്ടിപ്പിൽ നിരവധി പേർ കുടുങ്ങിയതായി പൊലീസിന്റെ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്റ് എൻജിനീയർ, ഐ.എ.എസ് ട്രെയിനി എന്നിങ്ങനെ പരിചയപ്പെടുത്തിയാണ് ഇവർ യുവാക്കളെ വലയിലാക്കിയതെന്നാണ് വിവരം. തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി ഇതെ യുവതി 16 ലക്ഷത്തോളം കൈലാക്കിയെന്നും അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട് .മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്ന് വ്യാജപരാതി നൽകി യുവതി ഈ പൊലീസുദ്യോഗസ്ഥനെ ജയിലിൽ അടപ്പിച്ചിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ഈയാളെ പോക്സോ കേസിൽപെടുത്തി വീണ്ടും ജയിലിലാക്കി. ഇതിന്റെ പേരിൽ ഈ പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സസ്പെൻഷനിലാണ്. കൊല്ലത്ത് വച്ച് ബാങ്ക് ജീവനക്കാരി എന്ന പേരിൽ ഹോസ്റ്റലിൽ താമസിച്ച് കൂടെയുണ്ടായിരുന്ന യുവതിയുടെ സ്വർണാഭരണങ്ങൾ വായ്‌പയായി വാങ്ങി മുങ്ങിയെന്ന മറ്റൊരു പരാതിയും യുവതിക്കെതിരെയുണ്ട്. യുവതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.