കാഞ്ഞങ്ങാട്: കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സമൂഹസദ്യയുടെ വിഭവശേഖരണത്തിന്റെ ഭാഗമായി ജനകീയ നടീൽ ഉത്സവം നടന്നു. സ്വന്തമായി ഉത്പാദിപ്പിച്ച വിഭവങ്ങൾ ഉപയോഗിച്ച് സമൂഹസദ്യ നടത്തുക എന്ന ഉദ്ദേശത്തോടെ ക്ലബ്ബിനോട് ചേർന്നുള്ള പള്ളോട്ട് വയലിൽ രണ്ടര ഏക്കർ സ്ഥലത്ത് പ്രദേശത്തെ കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് നടീൽ ഉത്സവം നടന്നത്. അജാനൂർ പഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൺ കെ. മീന ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കൃഷിക്ക് വയൽ അനുവദിച്ച പി. ഗൗരിയമ്മ, വി.കെ. ബാലകൃഷ്ണൻ എന്നിവരെ ബി. ഭാസ്കരൻ, ബാബു പള്ളേട്ട് എന്നിവർ ആദരിച്ചു. നടീൽ ഉത്സവത്തിന്റെ ഭാഗമായി വയൽപൂരവും വിവിധമത്സരങ്ങളും നടത്തി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.വി. രഘു സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ രതീഷ് കാലിക്കടവ് നന്ദിയും പറഞ്ഞു.