panr
പയ്യന്നൂർ നഗരസഭ

പയ്യന്നൂർ: നഗരസഭ ബൈപാസ് റോഡ് അടിക്കടി തകരുന്നത് പ്രവൃത്തിയിലെ ക്രമക്കേട് മൂലമെന്ന് പ്രതിപക്ഷം. ഒരു മാസത്തിലേറെ കാലം റോഡ് പരിപൂർണ്ണമായി അടച്ചിട്ട് 38 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ

റീ ടാറിംഗ് ഒന്നര വർഷം കഴിയുമ്പോഴേക്കും പൊട്ടി പൊളിഞ്ഞ് ശോചനീയാവസ്ഥയിലാകുവൻ കാരണം പ്രവൃത്തി നടക്കുമ്പോൾ ബന്ധപ്പെട്ടവർ മേൽനോട്ടം വഹിക്കാത്തത് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുണൻ കുറ്റപ്പെടുത്തി.

രണ്ട് റീച്ചായി നടത്തിയ പ്രവൃത്തിയിൽ 20 ലക്ഷം രൂപ ചെലവിൽ റീ ടാറിംഗും 18 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റ പണിയും നടത്തി 2022 ഡിസംബർ 14 നാണ് റോഡ് വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തത്. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ പ്രവൃത്തിയിൽ വലിയ ക്രമക്കേട് നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.കെ. ഫൽഗുണൻ ആരോപിച്ചു. പ്രവൃത്തിയിൽ ഇങ്ങിനെ ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഫൽഗുണനെ പിൻന്തുണച്ച് സംസാരിച്ച

എ. രൂപേഷ് ആവശ്യപ്പെട്ടു.

ദേശീയപാതയിൽ ഉള്ളതിൽ കൂടുതൽ വാഹനങ്ങൾ നിരന്തരമായി കടന്ന് പോകുന്ന ബൈപാസ് റോഡിലെ പ്രശ്നങ്ങൾ പ്രതിപക്ഷ അംഗങ്ങൾക്ക് കൂടി വ്യക്തമായി അറിവുള്ളതാണെന്നും രാഷ്ടീയ പരമായി കാര്യങ്ങൾ നോക്കി കാണരുതെന്നും ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു. പ്രവൃത്തി നടക്കുമ്പോൾ അപാകതയൊന്നും ചൂണ്ടിക്കാണിക്കാതെ കാലവർഷത്തിൽ റോഡ് തകരുമ്പോൾ നഗരസഭ അധികൃതർക്ക് മേൽ കുറ്റം ആരോപിക്കുന്നത് ശരിയല്ല. ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേർതിരിവൊന്നും ഇല്ലെന്നും എല്ലാവരും നഗര ഭരണത്തിന്റെ ഭാഗമാണെന്നും ചെയർപേഴ്സൺ പറഞ്ഞു. തൽക്കാല പരിഹാരത്തിനായി കരാറുകാരനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മഴ വിട്ട് നിന്നാൽ അറ്റകുറ്റ പണികൾ നടത്തുമെന്നും അദ്ധ്യക്ഷത വഹിച്ച ചെയർപേഴ്സൺ വ്യക്തമാക്കി.

ഭരണത്തെ താറടിക്കുവാൻ ശ്രമം: ഭരണപക്ഷം

ഭരണ -പ്രതിപക്ഷ വ്യത്യാസമില്ലാതെ കാര്യങ്ങൾ നടത്തുന്ന ഒന്നാണ് പയ്യന്നൂർ നഗരസഭയെന്നും എന്നാൽ അടുത്ത കാലത്തായി ഇല്ലാത്ത അഴിമതിയും മറ്റും ഉന്നയിച്ച് നഗരസഭ ഭരണത്തെ താറടിക്കുവാൻ പ്രതിപക്ഷം ബോധപൂർവ്വമായി ശ്രമം നടത്തുകയാണെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും ഭരണപക്ഷത്ത് നിന്നും കെ.യു. രാധാകൃഷ്ണൻ പറഞ്ഞു.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിലാണ് വർഷങ്ങൾക്ക് മുൻപ് സെന്റ് മേരീസ് സ്‌കൂൾ ജംഗ്ഷൻ മുതൽ പെരുമ്പ ദേശീയപാത വരെ ബൈപാസ് റോഡ് നിർമ്മിച്ചത്. ചതുപ്പ് നിലവും ഗതാഗത ബാഹുല്യവും കാരണം കാലവർഷത്തിൽ റോഡ് പല സ്ഥലത്തും ചെറുതായി താഴ്ന്ന് പോകുന്നതാണ് ടാറിംഗ് ഇളകി പ്പോകുന്നതിന് കാരണം. ഇതിന് ശാശ്വത പരിഹാരം റോഡ് ഉയർത്തി മെക്കാഡം ടാറിംഗ് നടത്തുക എന്നുള്ളതാണ്. ഇതിന് വേണ്ടി വരുന്ന സാമ്പത്തിക ഭാരം നഗരസഭക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എം.എൽ.എ.മുഖാന്തരം മെക്കാഡം ടാറിംഗ് പദ്ധതി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.

ചെയർപേഴ്സൺ കെ.വി.ലളിത